തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്‍റെ ആകർഷണങ്ങളിലൊന്നായ ചിത്ര ചുമരുകളെ അലങ്കോലമാക്കി പോസ്റ്ററുകള്‍. നഗരത്തില്‍ നടക്കുന്ന വിവിധ പരിപാടികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അടക്കം പോസ്റ്ററുകളാണ് ചിലർ ആര്‍ട്ട് ഏരിയ ചുമരില്‍ പതിച്ചത്. പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് ജില്ലാഭരണകൂടം.

ഇന്ത്യയിലെ തന്നെ വലിയ പബ്ലിക് ആര്‍ട് പൊജക്ടായിരുന്നു തലസ്ഥാനത്തെ ആര്‍ട്ട് ഏരീയ ചുമരുകള്‍. ടൂറിസം വകുപ്പും ജില്ലാടൂറിസം പ്രമോഷനും കൗണ്‍സിലും ചേര്‍ന്ന് 2016ലാണ് നഗരത്തെ വരകളിലൂടെ സുന്ദരിയാക്കിയത്. കാനായി കുഞ്ഞിരാമന്‍ അടക്കമുള്ള 20 ചിത്രകാരന്‍മാരാണ് അന്ന് നഗരത്തിന്‍റെ ചുമരുകളിൽ ചായം പൂശിയത്. ഇത്രയും കാലം ചിത്രങ്ങളും ചുമരുകളും സംരക്ഷിക്കപ്പെട്ടു.

എന്നാല്‍ ജില്ലാഭരണകൂടത്തിന്‍റെ മുന്നറിയിപ്പുകള്‍ കാറ്റില്‍ പറത്തിയാണ് ചിത്രങ്ങള്‍ക്കു മുകളില്‍ പോസ്റ്ററുകള്‍ പതിച്ചത്.
പാളയം ബസ് കാത്തിരുപ്പ് കേന്ദ്രത്തിനടുത്താണ് രാഷ്ട്രീയ പരിപാടുകളുടെയും മറ്റും പോസ്റ്ററുകള്‍ ഒട്ടിച്ചത്.

അടുത്തദിവസം തന്നെ ആര്‍ട്ട് ഏരിയ വൃത്തിയാന്‍ തീരുമാനിച്ചിരുക്കുകയാണ് ചിത്രകാരന്‍മാരും പൊതുപ്രവര്‍ത്തകരും. പോസ്റ്ററൊട്ടിച്ചവരെ കണ്ടെത്താന്‍ ജില്ലാകളക്ടര്‍ കെ വാസുകി  പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.