തൊടുപുഴയിലെ തോൽവിക്ക് പിന്നാലെ ലീഗിനെതിരെ പരസ്യ വെല്ലുവിളിയുമായി കോൺഗ്രസ് നേതൃത്വം
ഭരണം കിട്ടിയാൽ കേരള കോൺഗ്രസ്, കോൺഗ്രസ് പിന്നെ മുസ്ലീം ലീഗ് എന്നതായിരുന്നു തെരഞ്ഞെടുപ്പിന് മുന്നേയുള്ള ധാരണ. ഇടുക്കിയിലെ മുസ്ലീം ലീഗിനകത്തുള്ള പടലപ്പിണക്കമാണ് മുന്നണിക്കാകെ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രതിഫലിച്ചതെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
ഇടുക്കി: തൊടുപുഴ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ലീഗിനെതിരെ പരസ്യ വെല്ലുവിളിയുമായി ജില്ല കോൺഗ്രസ് നേതൃത്വം. എൽഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് വാറോല കാട്ടി കോൺഗ്രസിനെ പേടിപ്പിക്കേണ്ടെന്ന് ഡിസിസി അധ്യക്ഷൻ സി.പി. മാത്യു പറഞ്ഞു. തൊടുപുഴ നഗരസഭയിലേക്ക് വേണമെങ്കിൽ ഒറ്റക്ക് മത്സരിക്കാൻ തയ്യാറെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി
അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും നഗരസഭ ഭരണം പിടിക്കാമായിരുന്ന അവസരം തൊഴുത്തിൽകുത്ത് കൊണ്ട് നഷ്ടപ്പെടുത്തിയതോടെയാണ് ഇടുക്കി ജില്ല യുഡിഎഫ് ഘടകത്തിലെ ഭിന്നത മറനീക്കി പുറത്തുവരുന്നത്. ലീഗ് ഉന്നയിക്കും പോലുള്ള ഒരു ധാരണയും ചെയർമാൻ സ്ഥാനത്തെച്ചൊല്ലിയുണ്ടായിട്ടില്ല. ഭരണം കിട്ടിയാൽ കേരള കോൺഗ്രസ്, കോൺഗ്രസ് പിന്നെ മുസ്ലീം ലീഗ് എന്നതായിരുന്നു തെരഞ്ഞെടുപ്പിന് മുന്നേയുള്ള ധാരണ. ഇടുക്കിയിലെ മുസ്ലീം ലീഗിനകത്തുള്ള പടലപ്പിണക്കമാണ് മുന്നണിക്കാകെ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രതിഫലിച്ചതെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. കോൺഗ്രസ് തിരുത്തിയാൽ സഹകരിക്കാമെന്ന ലീഗ് നിലപാടിനെ തള്ളിക്കളയുന്നു ഡിസിസി നേതൃത്വം
തിങ്കളാഴ്ച നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെങ്കിൽ ഇടത് വോട്ടുകൾ ഉൾപ്പെടെ പിടിക്കാൻ ഡിസിസിക്ക് പദ്ധതിയുണ്ടായിരുന്നെന്നാണ് വിവരം. എന്നാൽ ഇത് ഉൾപ്പെടെ മുന്നണിയോഗത്തിൽ വിശദീകരിച്ചിട്ടും ലീഗ് ഇടഞ്ഞുനിന്നെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. പരസ്യ വെല്ലുവിളിയുയർത്തി ലീഗ് നിസ്സഹകരണം പ്രഖ്യാപിച്ചതോടെ, സംസ്ഥാന നേതൃത്വം അനുനയ ചർച്ചകൾക്ക് തുടക്കമിട്ടെന്നാണ് വിവരം. രമ്യമായി പരിഹിക്കാവുന്ന പ്രശ്നം വഷളാക്കിയെന്നാരോപിച്ച് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും സ്വതന്ത്ര നിലപാടെടുക്കുകയാണ്. വരും ദിവസങ്ങളിൽ യുഡിഎഫ് നേതൃത്വത്തിന് കൂടുതൽ തലവേദനയാവുകയാണ് തൊടുപുഴ നഗരസഭയെച്ചൊല്ലിയുള്ള തമ്മിലടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം