ദില്ലി: കൊടുംചൂടിലൂടെ നടന്ന് പോകുന്നതിനിടെ ആശ്വാസമായി കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇത്തവണ മണ്‍സൂണ്‍ മഴ കുറയില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. മാത്രമല്ല ഇത്തവണത്തെ മണ്‍സൂണ്‍ ശരാശരിയില്‍ കൂടാനോ അധിക മഴ ലഭിക്കാനോ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇത് 5 ശതമാനം കൂടുകയോ കുറയുകയോ ചെയ്യാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും ഒരു പോലെ മഴ കിട്ടാനുള്ള സാധ്യയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യ മെറ്റീരിയോളജിക്കല്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ കെ ജെ രമേശ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാജ്യത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി 89 സെന്‍റീമീറ്റര്‍ ശരാശരിയില്‍ മഴ ലഭിക്കുന്നുണ്ട്. ഇതിനടുത്ത് മഴ ഇത്തവണയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 

ഓഗസ്റ്റില്‍ നേരിയ തോതില്‍ എല്‍ നിനോ പ്രതിഭാസം ഉണ്ടാകുമെങ്കിലും മഴയുടെ തോത് കുറയാന്‍ സാധ്യതയില്ല. ഇന്ത്യന്‍ സമുദ്രങ്ങളിലെ താപനില മണ്‍സൂണിന് അനുകൂലമാണ്. അടുത്ത അഞ്ച് ദിവസം കേരളത്തിലനുഭവപ്പെടുന്ന മഴയുടെ സാധ്യതാ പ്രവചനവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്ത് വിട്ടു.