ഇടുക്കി: ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ നിരീക്ഷണത്തില്‍ കയറാന്‍ കൂട്ടാക്കാത്തത് മൂന്നാറില്‍ ആശങ്ക പടര്‍ന്നുപിടിക്കാന്‍ കാരണമായി. മഹാമാരിയെ തുടച്ചുനീക്കാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുമ്പോള്‍ മൂന്നാറിലെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ സംസ്ഥാനത്തുടനീളം യാത്രകള്‍ നടത്തിയിരുന്നു.

സഹോദരിയുടെ വിവാഹത്തിന് തമിഴ്‌നാട് നാഗര്‍കോവിലില്‍ പോകുന്നതിനായി ഡോക്ടര്‍ ജൂലൈ അഞ്ചിന് സുഹ്യത്തിനൊപ്പം തിരുവനന്തപുരത്തെത്തി. തമിഴ്‌നാട്ടില്‍ പോകാന്‍ കഴിയില്ലെന്ന് സുരക്ഷ ജീവനക്കാര്‍ അറിയിച്ചതോടെ ആറിന് വൈകുന്നേരം അവിടെനിന്ന് യാത്രതിരിച്ച അദ്ദേഹം ഏഴിന് മൂന്നാറില്‍ മടങ്ങിയെത്തി. ഒരു ദിവസം കോട്ടേഴ്‌സില്‍ വിശ്രമിച്ചശേഷം ഒന്‍പതിന് ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയതെന്നാണ് അദ്ദേഹം ആരോഗ്യവകുപ്പിന് നല്‍കിയ വിവരം. 

എന്നാല്‍ ഡോക്ടറുടെ മൊഴി ആരോഗ്യവകുപ്പ് കാര്യമായി എടുത്തിട്ടില്ല. ഇദ്ദേഹത്തിന്റെ യാത്ര സംബന്ധിച്ച് അധിക്യതരും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോക്ടറിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും രോഗലക്ഷണമുണ്ട്. 

അന്യസംസ്ഥാനത്ത് നിന്നും മറ്റ് ജില്ലകളില്‍ നിന്നും എത്തുന്നവരെ കണ്ണന്‍ ദേവന്‍ കമ്പനിയും ടാറ്റയും എസ്റ്റേറ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചെക്ക് പോസ്റ്റുകളില്‍ തടയുകയും ഇവരെ നിരീക്ഷണത്തില്‍ കയറ്റുകയും ചെയ്യുമ്പോഴാണ് സംസ്ഥാനത്തുടനീളം യാത്ര ചെയ്ത ഡോക്ടറെ ടാറ്റാ കമ്പനി അധിക്യതര്‍ ഡ്യൂട്ടിക്ക് കയറ്റിയത്. സംഭവത്തില്‍ ആരോഗ്യവകുപ്പും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്.

ആലപ്പുഴയുടെ തീരത്ത് കടൽക്ഷോഭം രൂക്ഷം; വീടുകള്‍ തകര്‍ന്നു, ഗതാഗതം മുടങ്ങി