തൃശൂർ: മതിലില്‍ തല കുടുങ്ങിയ പട്ടിയെ മൃഗസ്നേഹികള്‍ രക്ഷിച്ചു. തൃശ്ശൂര്‍ ആമ്പല്ലൂർ മണലി വടക്കുമുറി റോഡിൽ കാർ ഗോഡൗണിന് സമീപമാണ് സംഭവം. ഇവിടുത്തെ കോൺക്രീറ്റ് മതിലിന്‍റെ ഡ്രൈനേജ് പൈപ്പില്‍ പട്ടിയുടെ കഴുത്ത് കുടുങ്ങുകയായിരുന്നു. തല ഒരു ഭാഗത്തും ഉടൽ മറുഭാഗത്തുമായി മണിക്കൂറുകളോളം പട്ടി കുടങ്ങി.

പുലർച്ചെ 3 മുതൽ പട്ടിയുടെ അസാധാരണ കുര. സമീപവാസികള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഇതോടെ സമീപവാസികള്‍ തൃക്കൂർ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുമായ അബ്ദുൾറസാക്കിനെ വിളിച്ചുവരുത്തി. അബ്ദുൾ റസാക്ക് സമീപവാസിയായ വിനീഷിനെയും വിളിച്ചു വരുത്തുന്നു. പട്ടിയെ മതിലിൽ നിന്ന് രക്ഷിക്കാൻ അബ്ദുൾ റസാക്കും സമീപവാസികളും രാവിലെ ഏഴുമണി മുതല്‍ ശ്രമം ആരംഭിക്കുന്നു. എന്നാല്‍ പട്ടിയുടെ തല ഊരിയെടുക്കാന്‍ സാധിച്ചില്ല.

പട്ടിയെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ പുതുക്കാട് ഫയർഫോഴ്‌സിൽ വിവരമറിയിച്ചെങ്കിലും അവര്‍ അനുകൂലമായി പ്രതികരിച്ചില്ല.. ഇത്തരം വിഷയത്തിൽ നിന്ന് ഒഴിവാക്കണമെന്ന് അഗ്നിശമന സേന അഭ്യർഥിക്കുന്നു. ഇതോടെ മതില്‍ പൊളിച്ച് പട്ടിയെ രക്ഷിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. ഇതിന് സ്ഥലം ഉടമകള്‍ അനുമതി നല്‍കുകയും ചെയ്തു.

എന്നാല്‍ മതില്‍ പൊളിക്കാന്‍ ആവശ്യമായ കോണ്‍ക്രീറ്റ് കട്ടര്‍ ലഭിക്കാന്‍ വൈകുമെന്ന് മനസിലാക്കിയ  ബ്ദുൾറസാക്കും സമീപവാസിയും ചേര്‍ന്ന് അവസാന ശ്രമം എന്ന നിലയില്‍  പട്ടിയുടെ കഴുത്തിലെ തൊലിഭാഗം പുറകിലേയ്ക്ക് നീക്കി, നീക്കി തല പൈപ്പിൽ നിന്ന് വിദഗ്ധമായി ഊരിയെടുത്തു. ഇതോടെ ജീവന്‍ രക്ഷപ്പെട്ട പട്ടി അവിടെ നിന്നും ഓടിപ്പോയി.

പ്രളയകാലത്ത് വെള്ളം ഒഴുകുന്നതിന് തടസമായതോടെ ഇവിടെ മുന്‍പ് ഉണ്ടായിരുന്ന മതിൽ തകർന്നുവീണിരുന്നു. പിന്നീടാണ് പുതിയ കോണ്‍ക്രീറ്റ് മതില്‍ പണിതത്. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ ഇതിന്‍റെ അടിയില്‍ ഒരു വലിയ പൈപ്പ് ഇട്ടിരുന്നു. ഇതിലാണു പട്ടി കുടുങ്ങിയത്.