പാലക്കാട്: പതിറ്റാണ്ടുകളോളം കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടിയിരുന്ന ആദിവാസി കുടുംബങ്ങൾക്ക് ശാപമോക്ഷം. പാലക്കാട് മലമ്പുഴ അയ്യപ്പൻപൊറ്റ കോളനിയിലെ 40 കുടുംബങ്ങളിലും ജലസേചന സൗകര്യങ്ങളെത്തി. 

മലമ്പുഴ അയ്യപ്പൻപൊറ്റ കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ ദുരവസ്ഥ മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഏഷ്യാനെറ്റ് ന്യൂസ് പുറം ലോകത്തെ അറിയിച്ചത്. ഒരു കുടം വെള്ളത്തിന് വേണ്ടി ഇനി ഇവർക്ക് വനമേഖലയിലൂടെ കിലോമീറ്ററുകൾ താണ്ടേണ്ട കാര്യമില്ല. 

വീടിന് മുന്നിൽ സ്ഥാപിച്ച ടാപ്പിലൂടെ യഥേഷ്ടം വെള്ളമെത്തും. പതിറ്റാണ്ടുകളായി അരുവിയിൽ നിന്ന് തലച്ചുമടയായി വെള്ളം കൊണ്ടുവന്നിരുന്ന തീരാ ദുരിതത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. 

കോളനിക്ക് സമീപം ഒരു വർഷം മുൻപ് സർക്കാർ കിണർ നിർമ്മിച്ച് നൽകിയെങ്കിലും ജലവിതരണത്തിനുള്ള മോട്ടർ സ്ഥാപിക്കാത്തതാതായിരുന്നു പ്രതിസന്ധിക്ക് കാരണം. വെള്ളം കോരാൻ കപ്പിപോലും സ്ഥാപിക്കാതിരുന്ന കിണറിൽ മാലിന്യം കുമിഞ്ഞുകൂടി. വൈകിയാണെങ്കിലും പഞ്ചായത്ത് അധികൃതരുടെ ഇടപെടലിൽ ഇതെല്ലാം പരിഹരിച്ചു.