കല്‍പ്പറ്റ: ലോഡുമായി കയറ്റത്തില്‍ പിറകോട്ട് ഇറങ്ങിയ ലോറി നിയന്ത്രിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പിലാക്കാവ് പേഴുംകളത്തില്‍ ഖലീല്‍ അഹമ്മദ് (40) ആണ് മരിച്ചത്. സമീപത്ത് നിന്ന ഖദീജ (50) എന്ന സ്ത്രീക്ക് പരിക്കേറ്റു. മാനന്തവാടി പിലാക്കാവ് വട്ടര്‍ക്കുന്നില്‍ ആറരയോടെയായിരുന്നു അപകടം. പരിക്കേറ്റ ഖദീജയുടെ വീട്ടിലേക്ക് ചെങ്കല്ല് കൊണ്ടുവന്നതായിരുന്നു ലോറി. 

കയറ്റത്തില്‍ നിന്നുപോകുകയും ഹാന്‍ഡ് ബ്രേക്ക് ഇടാനുള്ള ശ്രമത്തില്‍ പിറകോട്ട് ഇറങ്ങുകയുമായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അപകടമുണ്ടാകാതിരിക്കാന്‍ ചാടിയിറങ്ങി ടയറിന് തടസം വയ്ക്കാനുള്ള ശ്രമത്തിനിടെ ചക്രങ്ങള്‍ ദേഹത്ത് കയറി അപകടം സംഭവിക്കുകയായിരുന്നു. ഖലീല്‍ അഹമ്മദിനെയും ഖദീജയെയും നാട്ടുകാര്‍ ഉടന്‍ വിന്‍സന്റ് ഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഖലീല്‍ അഹമ്മദിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.