45 കിലോഗ്രാം തൂക്കം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് കാറിലുണ്ടായിരുന്നത്. എക്സൈസ് സംഘം വാഹന പരിശോധനയ്ക്ക് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്തുടരുകയായിരുന്നു.

ഇടുക്കി: പരിശോധയ്ക്കിടെ നിര്‍ത്താതെ പോയ വാഹനത്തെ പിന്തുടര്‍ന്ന എക്സൈസ് സംഘം വന്‍ പുകയിലെ ശേഖരം പിടികൂടി. ഇടുക്കി അടിമാലി ചാറ്റുപാറയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈരാറ്റുപേട്ട സ്വദേശി പണ്ടാരപ്പറമ്പിൽ ഇസ്സ (50) എന്നയാളാണ് പിടിയിലായത്.

അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ രാജേന്ദ്രൻ കെയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥർ പരിശോധനക്കായി കൈ കാണിച്ചപ്പോൾ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് പോയാണ് ഇയാളെ സംഘം പിടി കൂടിയത്. വാഹനം പരിശോധിച്ചപ്പോള്‍ മൂന്ന് ചാക്കുകള്‍ നിറയെ പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി. 45 കിലോയോളം തുക്കം വരുന്ന പുകയിലയാണ് ഇയാൾ വില്പനക്കായി എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറ‌ഞ്ഞു.

പ്രതിയെയും പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങളും ഇവ കടത്താനായി ഉപയോഗിച്ച വാഹനവും നടപടികൾ ക്കായി അടിമാലി പൊലീസിന് കൈമാറി. എക്സൈസ് പ്രിവന്റീവ് ഓഫിസർ , പ്രദീപ് കെ. വി, ദിലീപ് എൻ. കെ സിവിൽ എക്‌സൈസ് ഓഫീസർമാരായ ക്ലമന്റ് വൈ, ധനിഷ് പുഷ്പചന്ദ്രൻ , പ്രശാന്ത് വി, നിതിൻ ജോണി, എന്നിവരും പരിശോധനയിൽ പങ്കെടുത്തു. 

Read also: എസ്ഐയെ കുരുക്കാൻ മോഷണക്കേസ് പ്രതിയെ സെല്ലിൽ നിന്നും തുറന്നു വിട്ട് എസ്എച്ച്ഒ, തെളിവായി സിസിടിവി ദൃശ്യങ്ങൾ

കഴിഞ്ഞ ദിവസം ബംഗളുരുവില്‍ നിന്ന് മയക്കുമരുന്നുമായി എത്തിയ രണ്ട് നിയമ വിദ്യാർത്ഥികൾ ഉള്‍പ്പെടെ മൂന്ന് പേരെ തിരുവനന്തപുരത്ത് പൊലീസ് പിടികൂടിയിരുന്നു. എംഡിഎംഎയുമായി എത്തിയ കഠിനംകുളം എ.കെ ഹൗസിൽ അൻസീർ (25), അണ്ടൂർക്കോണം എസ്.ആർ നിവാസിൽ അജ്മൽ (28), കഠിനംകുളം ഷിയാസ് മൻസിലിൽ മുഹമ്മദ് നിഷാൻ (27) എന്നിവരെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായ അജ്മലും മുഹമ്മദ് നിഷാനും ബെംഗളൂരുവിലെ എൽഎൽബി വിദ്യാർത്ഥികളാണെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലൂടെ മയക്കുമരുന്നുമായി ഒരു സംഘം എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൂവാർ സിഐ എൽ ബി പ്രവീണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്. കോവളം കാരോട് ബൈപ്പാസിലെ പുറുത്തിവള ജങ്ഷനിൽ വെച്ചാണ് മയക്കുമരുന്നുമായി പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...