ഇറക്കത്തിൽ നിർത്തിയ ഓട്ടോ താഴേക്ക്, ചാടിക്കയറി ഡ്രൈവർ, പോസ്റ്റിലിടിച്ചതോടെ അകത്ത് കുടുങ്ങി; ഫയർഫോഴ്സ് രക്ഷ
മലപ്പുറത്തുനിന്ന് അഗ്‌നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ രക്ഷിച്ചത്.

മലപ്പുറം: കളക്ടറേറ്റ് ബംഗ്ലാവിനു സമീപം താമരക്കുഴി റോഡിൽ ഇറക്കത്തിൽ നിർത്തിയ ഓട്ടോ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിൽ ഇടിച്ചു. അകത്ത് കുടുങ്ങിക്കിടന്ന ഡ്രൈവറെ പിന്നീട് അഗ്‌നിരക്ഷാസേനയെത്തി രക്ഷിച്ചു. ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം. മലപ്പുറം കോഡൂർ സ്വദേശി മുരിങ്ങക്കൽ അബ്ദുള്ളയാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ നിർത്തിയ ഓട്ടോ താഴേക്കു നീങ്ങിയപ്പോൾ അബ്ദുള്ള ഓട്ടോയിലേക്ക് ചാടിക്കയറുകയായിരുന്നു. അതിവേഗത്തിൽ താഴേക്കുനീങ്ങിയ ഓട്ടോ വൈദ്യുതിത്തൂണിൽ ഇടിച്ചുനിന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവറുടെ കാൽപ്പാദം കാബിനിൽ ഞെരുങ്ങിയമാർന്നു. മലപ്പുറത്തുനിന്ന് അഗ്‌നിരക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ രക്ഷിച്ചത്.
കാലിനു സാരമായി പരിക്കേറ്റതിനാൽ അബ്ദുള്ളയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആർ. സജീവ്കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ എം. പ്രദീപ്കുമാർ, ഫയർ ഓഫീസർമാരായ ടി.കെ. നിഷാന്ത്, കെ.പി. ഷാജു, മുഹമ്മദ് ഷെഫീഖ്, കെ.സി. മുഹമ്മദ് ഫാരിസ്, കെ.പി. ജിഷ്ണു, വി എസ്. അർജുൻ, ഹോംഗാർഡ് പി. രാജേഷ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.