സന്ദര്‍ശകര്‍ ഏറെയെത്തുന്ന ദിവസങ്ങളില്‍ ഡ്രോണിന്റെ സഹായത്തോടെ മാലിന്യനിക്ഷേപകരെ കണ്ടെത്തി പിഴ ഈടാക്കുകയാണ് ലക്ഷ്യം. മൂന്നാര്‍ ദേവികുളം പഞ്ചായത്തിന്റെ നേത്യത്വത്തിലായിരിക്കും നടപടികള്‍. 

ഇടുക്കി: മൂന്നാറിലെ മാലിന്യ നിക്ഷേപത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ ഡ്രോണ്‍ നീക്ഷണവും. ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണയുടെ നേത്യത്വത്തില്‍ കൂടിയ യോഗത്തിലാണ് മൂന്നാര്‍ ദേവികുളം പഞ്ചായത്തിന്റെ നേത്യത്വത്തില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്. ലോക്ക് ഡൗണിന്റെ സമയത്ത് മുതിരപ്പുഴയിലെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ മാറിയതോടെ വ്യാപാരസ്ഥാപനങ്ങളിലും അറവുശാലകളില്‍ നിന്നും വന്‍തോതിലാണ് മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്നത്. 

 മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളും പ്രധാന വിനോദസഞ്ചാര മേഖലയായ മാട്ടുപ്പെട്ടി എക്കോപോയിന്റ് കുണ്ടള ഫോട്ടോപോയിന്റ് ടോപ്പ് സ്റ്റേഷന്‍ രാജമല അന്തര്‍സംസ്ഥാന-ദേശീയപാതകളിലും ഭക്ഷണം കഴിച്ചശേഷം പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍ ഉപേക്ഷിക്കുകയാണ്. പഞ്ചായത്തിന്റെ നേത്യത്വത്തില്‍ നിരീക്ഷണം ശക്തമാക്കുന്നുണ്ടെങ്കിലും മാലിന്യനിക്ഷേപകരെ കണ്ടെത്താന്‍ പലപ്പോഴും കഴിയുന്നില്ല. ഇത്തരം സാഹചര്യത്തിലാണ് മൂന്നാര്‍ മേഖല കേന്ദ്രീകരിച്ച് സ്വകാര്യ പങ്കാളിത്യത്തോടെ ഡ്രോണ്‍ നിരീക്ഷണം ആരംഭിക്കാന്‍ പദ്ധതി തയ്യറാക്കിയത്. 

സന്ദര്‍ശകര്‍ ഏറെയെത്തുന്ന ദിവസങ്ങളില്‍ ഡ്രോണിന്റെ സഹായത്തോടെ മാലിന്യനിക്ഷേപകരെ കണ്ടെത്തി പിഴ ഈടാക്കുകയാണ് ലക്ഷ്യം. മൂന്നാര്‍ ദേവികുളം പഞ്ചായത്തിന്റെ നേത്യത്വത്തിലായിരിക്കും നടപടികള്‍. ആദ്യഘട്ടമെന്ന നിലയില്‍ മൂന്നാറിലെ വ്യാപാരികളെയും ടൂര്‍ ഓപ്പറേറ്റ ഗൈഡുമാര്‍ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് ബോധവത്കരണം നടത്തും. മൂന്നാറിന്റെ പ്രധാന കവാടമായ പഴയമൂന്നാര്‍- പെരിയവാര കവല- പോസ്‌റ്റോഫീസ് കവല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സന്ദര്‍ശകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. 

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മൂന്നാറിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സര്‍വ്വെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ പൂര്‍ണ്ണതോതില്‍ സംസ്‌കരിക്കാതെ പുഴയിലേക്ക് ഒഴുക്കുന്നവരെ കണ്ടെത്തുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമാണ് സര്‍വ്വെ ആരംഭിച്ചിരിക്കുന്നത്. മാലിന്യവിമുക്ത മൂന്നാര്‍ യാഥാര്‍ത്യമാക്കാന്‍ ആരംഭിച്ച പല പദ്ധതികളും നിലച്ചുപോയതോടെയാണ് പുതിയ പദ്ധതിയുമായി അധിക്യതര്‍ രംഗത്തെത്തിയത്.