ഇരിങ്ങാലക്കുട കാട്ടൂരിൽ പോലീസ് നടത്തിയ റെയ്ഡിൽ 20 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മിഥുൻ, അനന്തകൃഷ്ണൻ എന്നീ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് ലഹരിമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച പണവും മറ്റ് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കാട്ടൂരിൽ ലഹരിമരുന്ന് വേട്ട. എടതിരിഞ്ഞി വടക്കുമുറി സ്വദേശി മിഥുന്റെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ 20 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മിഥുനെയും ഇയാൾക്ക് ലഹരിമരുന്ന് നൽകിയ എടതിരിഞ്ഞി പോത്താനി സ്വദേശി അനന്തകൃഷ്ണനെയും (25) കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയ്ക്ക് പുറമെ ഇലക്ട്രോണിക് ത്രാസ്, ലഹരിമരുന്ന് ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 56 സിപ് ലോക്ക് കവറുകൾ, ലഹരിമരുന്ന് വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 1,36,700 രൂപയും പോലീസ് കണ്ടെടുത്തു.
പിടിയിലായ രണ്ട് പേരും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കിലോ കഞ്ചാവുമായി പിടിയിലായ കേസിലും, പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച കേസിലും മിഥുൻ പ്രതിയാണ്. കാട്ടൂർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി മോഷണം, സ്ഫോടകവസ്തു നിയമം, അടിപിടി, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്യൽ തുടങ്ങി ആറ് കേസുകളിൽ പ്രതിയാണ് അനന്തകൃഷ്ണൻ. കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിനോജ് എ, എസ്.ഐ റഫീഖ് പി.കെ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ജി.എ.എസ്.ഐമാരായ ശ്രീജിത്ത്, മിനി പി.എ, എസ്.സി.പി.ഒ മുസ്തഫ ഷൗക്കർ, ജി.എസ്.സി.പി.ഒമാരായ ധനീഷ്, സിജു, സി.പി.ഒമാരായ സിമി മോഹൻദാസ്, ശരത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


