കൊച്ചി കടവന്ത്രയിൽ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായി പരാതി. സംഭവത്തിൽ യുവതിയുടെ ബന്ധുവിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു

കൊച്ചി: എറണാകുളം കടവന്ത്രയിലും മോർഫിംഗ് പരാതി. ജോലിക്കായി നഗരത്തിൽ സ്ഥിരതാമസക്കാരിയായ മൂവാറ്റുപുഴ സ്വദേശിനിയാണ് പരാതി നൽകിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും ബന്ധുവിന്റെ പക്കലുള്ള ചിത്രങ്ങളുമാണ് ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ബന്ധുവിനെ കടവന്ത്ര പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും.

കോട്ടയത്ത് പ്രതി പിടിയിൽ

അതേസമയം കോട്ടയത്ത്‌ സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത വിദ്യാർഥി പിടിയിലായിട്ടുണ്ട്. ഏറ്റുമാനൂർ മംഗളം കോളേജിലെ ബി ടെക് വിദ്യാർത്ഥി അജ്മലാണ് പിടിയിലായത്. ഫോണിൽ സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് സൂക്ഷിച്ചിരുന്നു. വിദ്യാർഥികൾ ചിത്രങ്ങൾ കണ്ടതോടെ പൊലീസിൽ വിവരം അറിയിച്ചു. അജ്മലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇയാൾ ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും ഫോണിൽ സൂക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പരിശോധനയിൽ കണ്ടെത്തി.