തലക്ക് നേരെയുള്ള വെട്ട് തടഞ്ഞപ്പോള്‍ കൈക്ക് വെട്ടേറ്റ് ഷിഹാബിന് ഗുരുതരമായി പരിക്കേറ്റു.  

തൃശൂർ: മയക്കുമരുന്ന് വിതരണ സംഘത്തിന്‍റെ ലഹരി ഇടപാടുകൾക്കെതിരെ പ്രചരണം സംഘടിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെ അഞ്ചംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചു. അക്കിക്കാവ് സ്വദേശി ഷിഹാബ് (35) നെ തൃശൂരിലെ സ്വകാര്യ ആശുപതിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. തലക്ക് നേരെയുള്ള വെട്ട് തടഞ്ഞപ്പോള്‍ കൈക്ക് വെട്ടേറ്റ് ഷിഹാബിന് ഗുരുതരമായി പരിക്കേറ്റു.

അക്കിക്കാവ് കേന്ദ്രീകരിച്ച് മയക്കുമരുന്നുകളുടെ വിതരണം പതിവാക്കുകയും ഒഴിഞ്ഞ കേന്ദ്രത്തിലിരുന്ന് ഇതു വഴിയെത്തുന്ന സ്ത്രീകളെ ശല്യപ്പെടുത്തുകയും ചെയ്തതോടെ പെരുമ്പിലാവ് സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെ ഡിവൈഎഫ്ഐ പ്രചാരണ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഈ വൈരാഗ്യം വെച്ച് കഴിഞ്ഞ രാത്രി പ്രദേശത്തെ ഉത്സവം കഴിഞ്ഞ് ഒറ്റക്ക് വീട്ടിലേക്ക് പോകുകയായിരുന്ന ഷിഹാബിനെ അഞ്ചംഗ സംഘം വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 

വലിയ വാളുകൊണ്ടുള്ള വെട്ട് ഇടതു കൈ കൊണ്ട് തടഞ്ഞ ഷിഹാബിന്‍റെ കൈക്ക് ആഴത്തിൽ മുറിവേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാസ്റ്റർ സർജറി നടത്തിയാണ് കൈ യോജിപ്പിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം