കാമുകനുമായി ഒന്നിച്ച് ജീവിക്കാൻ അസമിൽ നിന്ന് കേരളത്തിലെത്തിയ പതിനാലുകാരിയെയും കാമുകനെയും ബന്ധുവിനെയും ആലുവയിൽ വച്ച് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടി. പെൺകുട്ടിയെ കാണാതായെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു നടപടി.
കൊച്ചി: കാമുകനുമായി കേരളത്തിൽ ഒന്നിച്ച് ജീവിക്കാൻ തയ്യാറെടുത്താണ് പതിനാലുകാരി അസമിൽ നിന്നും ട്രെയിൻ കയറിയത്. എന്നാൽ ആലുവയിൽ കാൽ കുത്തിയ ഉടനെ യുവാവായ കാമുകനെയും ബന്ധുക്കളെയുമടക്കം റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടി. സദർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന പെൺകുട്ടിയെ കാമുകനൊപ്പം ജീവിക്കാമെന്ന് പറഞ്ഞ് പ്രതികൾ തട്ടിക്കൊണ്ട് വരികയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അസം പൊലീസ് കേരളവുമായി ബന്ധപ്പെട്ടത്.
ഡിബ്രഗ്- കന്യാകുമാരി എക്സ്പ്രസിൽ ഞായറാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഘം ആലുവയിൽ എത്തിയത്. ഉടൻ തന്നെ ഇവരെ പിടികൂടുകയും ചെയ്തു. അസം പോലീസ് അറിയിച്ചതിനെ തുടർന്ന് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് അസം നാഗോൺ റംഗാലു സ്വദേശിയായ പെൺകുട്ടിയുടെ കാമുകൻ സദ്ദാം ഹുസൈൻ, ബന്ധു ഹബീബുൽ റഹ്മാൻ, ഭാര്യ അഫ്സാന ബീഗം എന്നിവർ പിടിയിലായത്. ബന്ധുവിന്റെ കൈക്കുഞ്ഞും ഇവർക്കൊപ്പമുണ്ടായിരുന്നു. എല്ലാവരെയും ആലുവ പോലീസിന് കൈമാറിയെങ്കിലും അസമിൽ കേസ് ഉള്ളതിനാൽ ഇവിടെ കേസെടുത്തിട്ടില്ല.
ചൊവ്വാഴ്ച അസം പൊലീസ് എത്തിയ ശേഷം കോടതിയുടെ അനുമതിയോടെ പെൺകുട്ടിയെയും പ്രതികളെയും കൈമാറും. പ്രതികൾക്കെതിരെ അസം സദർ പൊലീസ് പോക്സോ, തട്ടികൊണ്ടുപോകൽ ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെയും യുവതിയെയും താത്കാലികമായി കുഞ്ഞിനെയും സ്ത്രീകളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റ് രണ്ട് പ്രതികളും ആലുവ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവർ നേരത്തെ പെരുമ്പാവൂർ ഭാഗത്ത് ജോലി ചെയ്തിട്ടുണ്ട്.


