ത്രിതല പഞ്ചായത്തുകളില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പലര്‍ക്കും ആശ്വാസമായി മാറുന്നതിനിടയിലാണ് ഇക്കാനഗറിലെ അംഗവാടിയില്‍ നിന്നും കാലാവധി പൂര്‍ത്തിയാകാത്ത മരുന്നുകള്‍ കുപ്പത്തൊട്ടിയില്‍ നിക്ഷേപിച്ചിരിക്കുന്നത്

ഇടുക്കി: കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി അംഗന്‍വാടികള്‍ക്ക് അനുവധിച്ച മരുന്നുകള്‍ കുപ്പത്തൊട്ടിയില്‍. മൂന്നാര്‍ ഇക്കാനഗറിലെ അംഗന്‍വാടിക്ക് സമീപത്താണ് കലാവധി പൂര്‍ത്തിയാകാത്ത മരുന്നുകള്‍ വ്യാപകമായി കുപ്പത്തൊട്ടിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. അംഗന്‍വാടിയിലെത്തുന്ന കുട്ടികളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഐ.സി.ഡി.എസ് മുഖേന സര്‍ക്കാര്‍ മരുന്നുകള്‍ വിതരണം നടത്തുന്നത്. 

ഇതിനായി ഓരോ വര്‍ഷവും വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്. ത്രിതല പഞ്ചായത്തുകളില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പലര്‍ക്കും ആശ്വാസമായി മാറുന്നതിനിടയിലാണ് ഇക്കാനഗറിലെ അംഗവാടിയില്‍ നിന്നും കാലാവധി പൂര്‍ത്തിയാകാത്ത മരുന്നുകള്‍ കുപ്പത്തൊട്ടിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. 

ഒ.ആര്‍.എസ് ലായനി, പനിക്ക് നല്‍കുന്ന മരുന്നുകള്‍, മുറിവുകള്‍ക്കായി ഉപയോഗിക്കുന്ന ഓയില്‍മെന്റുകള്‍ എന്നിവയാണ് കൂടുതലും. മെഡിക്കല്‍ സ്‌റ്റോറുകളില്‍ 30 മുതല്‍ 95 രൂപവരെ വിലയുള്ള മരുന്നുകള്‍ക്ക് 2028 വരെ കാലാവധിയുണ്ട്. സൗജന്യമായി വിതരണം ചെയ്യേണ്ട മരുന്നുകള്‍ കുപ്പത്തൊട്ടികളില്‍ നിക്ഷേപിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.