ആലപ്പുഴ: ക്രിസ്മസ് - ന്യൂ ഇയർ പ്രമാണിച്ച് ആലപ്പുഴ എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹനപരിശോധനയിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി നാല് യുവാക്കൾ പിടിയില്‍. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ കുട്ടനാട് കിടങ്ങറ പാലത്തിന് കിഴക്കുവശം വാഹനപരിശോധന നടത്തുന്നതിനിടയിലാണ്  ഇവര്‍ പിടിയിലായത്. 

പത്തനംതിട്ട, മല്ലപ്പള്ളി, പാമല മുറിയിൽ പൈനുംപാറ വീട്ടിൽ  കെൻ ജോസഫ് (22), മല്ലപ്പള്ളി കുന്നന്താനം മുറിയിൽ ഗോകുൽ കൃഷ്ണ (22), കോട്ടയം തൃക്കൊടിത്താനം കോട്ടമുറിക്കൽ വീട്ടിൽ ബെൻ ജോസഫ് ജെയിംസ് (23), പത്തനംതിട്ട, മല്ലപ്പള്ളി, പുത്തൻ വീട്ടിൽ ബെൻസൺ ജോസഫ് ജെയിംസ് (23) എന്നിവരാണ് അറസ്റ്റിലായത്. 

ക്രിസ്മസ് – ന്യൂ ഇയർ ആഘോഷങ്ങൾക്കായി ബാംഗ്ലൂരിൽ നിന്നെത്തിച്ചതാണ് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍. 12 ഗ്രാം ഹാഷിഷും 10 ഗ്രാം കഞ്ചാവുമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. അറസ്റ്റിലായ നാലുപേരും സുഹൃത്തുക്കളും നാട്ടുകാരുമാണ്. കെൻ ജോസഫും ഗോകുൽ കൃഷ്ണയും ജോലി സംബന്ധമായി ദീർഘനാളായി ബാംഗ്ലൂരിൽ താമസിച്ചുവരികയാണ്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇവരാണ് ബാംഗ്ലൂരിൽ നിന്നും ഹാഷിഷും ഗഞ്ചാവുമെത്തിച്ചത്. ഇവർ യാത്ര ചെയ്ത ആഡംബര കാറും കസ്റ്റഡിയിലെടുത്തു. 

പ്രതികളെ രാമങ്കരി കോടതിയിൽ ഹാജരാക്കി. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി റോബർട്ടിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ അമൽ രാജൻ, പ്രിവന്റീവ് ഓഫീസർമാരായ വി ബെന്നിമോൻ, എ അജീബ്, വി ജെ ടോമിച്ചൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി അനിലാൽ, എൻ പി അരുൺ, എസ് ശ്രീജിത്ത്, ടി ജിയേഷ്, സനൽ സിബിരാജ്, ജോൺസൺ ജേക്കബ്ബ്, സന്തോഷ് എന്നിവർ പങ്കെടുത്തു.