മൂന്നാറിലെ മുതിരപ്പുഴയാറിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിവിട്ട വെസ്റ്റ് വുഡ് ഹോട്ടലിന് പഞ്ചായത്ത് 50,000 രൂപ പിഴ ചുമത്തി. രാത്രിയിൽ മോട്ടോർ ഉപയോഗിച്ച് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അറിയിച്ചതിനെ തുടർന്ന് പോലീസ് നടപടിയെടുക്കുകയായിരുന്നു. 

ഇടുക്കി: മൂന്നാര്‍ ടൗണിലൂടെ ഒഴുകുന്ന മുതിരപ്പുഴയാറിലേയ്ക്ക് രാത്രിയിൽ ശുചിമുറി മാലിന്യം നിക്ഷേപിച്ച ഹോട്ടലിന് പിഴ ചുമത്തി പഞ്ചായത്ത്. പഴയ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റ് വുഡ് ഹോട്ടലില്‍ നിന്നുള്ള മാലിന്യമാണ് മോട്ടോർ ഉപയോഗിച്ച് മുതിരപ്പുഴയിലേക്ക് തള്ളിയത്. സഞ്ചാരികളുമായിട്ടെത്തിയ ഡ്രൈവറാണ് മാലിന്യ നിക്ഷേപം കണ്ടെത്തി പൊലീസില്‍ അറിയിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് പഴയ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റ് വുഡ് ഹോട്ടലില്‍ നിന്നുള്ള ശുചിമുറി മാലിന്യം മുതിരപ്പുഴയിലേയ്ക്ക് തള്ളിയത്.

സഞ്ചാരികളുമായിട്ടെത്തിയ ഡ്രൈവര്‍മാരിലൊരാൾ ഇത് കണ്ട് ചോദ്യം ചെയ്തു. തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിൽ അറിയിച്ചു. പൊലീസെത്തി മാലിന്യം തള്ളാനുപയോഗിച്ച മോട്ടോറടക്കം പിടികൂടുകയും രണ്ട് പോരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഹോട്ടലിനെതിരെയും കേസെടുത്തു.

പഞ്ചായത്ത് അധികൃതരെത്തി പരിശോധന നടത്തിയ ശേഷം ഹോട്ടലിന് 50,000 രൂപയാണ് പിഴ ചുമത്തിയത്. ഹോട്ടല്‍ അടച്ച് പൂട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചിതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. മൂന്നാറിലെ പല ഹോട്ടലുകളും മാലിന്യ സംസ്ക്കരണ സംവിധാനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് കണ്ടെത്താൻ പരിശോധന ക‍ർശനമാക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.