മാന്നാർ: ലോക്ക് ഡൗണിന്റെ ഭാഗമായി പരുമല ജംഗ്‌ഷനിൽ നടന്ന വാഹന പരിശോധനക്കിടയിൽ മദ്യപിച്ച് കാർ ഓടിച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ മാന്നാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശാസ്താംകോട്ട കോട്ടപ്പുറത്തു പുത്തൻവീട്ടിൽ ഡേവിഡ് മകൻ സുരേഷ് ഡേവിഡിനെ (48) യാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇന്ന് വൈകിട്ട് 5 മണിയോടെ അമിതവേഗത്തിൽ ഇയാൾ ഓടിച്ചു വന്ന കാർ ഒന്നിലധികം വാഹനങ്ങളിൽ ഇടിക്കുകയും, തുടർന്ന് പൊലീസ് ജിപ്പിലും ഇടിച്ച് അമിത വേഗത്തിൽ നിർത്താതെ പോയി. പിൻതുടർന്നെത്തിയ പൊലീസ് തൃക്കുരട്ടി ജംഗ്‌ഷനിലെ ചെക്കിം​ഗ് പോയിന്റിൽ വാഹനം പിടി കൂടുകയും ചെയ്തു. മൂന്നര ലിറ്റർ മദ്യവും കാറിനുള്ളിൽ നിന്നും പിടിച്ചെടുത്തിട്ട്.

ഇയാൾ എക്‌സൈസ് ഉദ്യോഗസ്ഥൻ ആണെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് വകുപ്പു പ്രകാരവും മദ്യപിച്ചു വാഹനം ഓടിച്ചതിനും അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിനും ഇയാൾക്കെതിരെ മാന്നാർ പൊലീസ് കേസ് എടുത്തു. കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.