എറണാകുളം: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ മദ്യപിച്ച ശേഷം കിണറ്റില്‍  ഇറങ്ങിയയാളെ രക്ഷിക്കാന്‍ ഒടുവില്‍ ഫയര്‍ ആന്‍റ് സെഫ്റ്റി വരേണ്ടി വന്നു. എറണാകുളം അതിരമ്പുഴ കോട്ടമുറിയില്‍  ഇന്നലെ വൈകിട്ട് 4.30ന് ആയിരുന്നു സംഭവം. കോട്ടമുറി ഇന്ദിരാ പ്രിയദര്‍ശിനി കോളനി താമസക്കാരനായ മധുവാണ്(36) കിണറിനുള്ളില്‍ പൂച്ചയെ എടുക്കാനിറങ്ങി കുടുങ്ങിയത്. 

റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിലെ കിണറില്‍ പൂച്ച വീണ വിവരം അറിഞ്ഞ മധു 'ഞാന്‍ രക്ഷിക്കും' എന്നു പറഞ്ഞ്  കിണറ്റിലിറങ്ങുകയായിരുന്നു. എന്നാല്‍ ഏറെ നേരം പരിശ്രമിച്ചിട്ടും പൂച്ചയെ രക്ഷിക്കാനായില്ല. ഇതോടെ  'ഇനി പൂച്ചയെ രക്ഷിച്ചിട്ടേ വരൂ' എന്നായി മധു. തുടര്‍ന്നു സമീപവാസികള്‍ അഗ്‌നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.

സേനാംഗങ്ങള്‍ കിണറ്റിനുള്ളിലേക്കു കയര്‍ എറിഞ്ഞുകൊടുത്തശേഷം കയറിവരാന്‍ ആവശ്യപ്പെട്ടെങ്കിലും പൂച്ചയെ രക്ഷിച്ച ശേഷമേ വരൂ എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു മധു. തങ്ങള്‍ കിണറ്റിലേക്കിറങ്ങിവരുമെന്നു സേനാംഗങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ വലയില്‍ കയറുകയായിരുന്നു.