തിരുവനന്തപുരം: ഭക്ഷണത്തിനോടൊപ്പം സവാള ചോദിച്ചിട്ട് കൊടുക്കാത്തതിന് തലസ്ഥാനത്തു യുവാക്കൾ ഹോട്ടൽ അടിച്ചു തകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തു. വഞ്ചിയൂർ കൈതമുക്കിലെ ഹോംലീ മീൽസ് എന്ന ഹോട്ടലിലാണ് സംഭവം. ബുധനാഴ്ച രാത്രി മദ്യപിച്ചു ഹോട്ടലിൽ എത്തിയ യുവാക്കൾ ഭക്ഷണം ഓർഡർ ചെയ്തു. തുടർന്ന് രണ്ടു തവണ യുവാക്കൾ ആവശ്യപ്പെട്ടത് അനുസരിച്ചു ജീവനക്കാർ സവാള അരിഞ്ഞു നൽകി. 

യുവാക്കൾ മൂന്നാമത് വീണ്ടും സവാള ആവശ്യപ്പെട്ടപ്പോൾ നൽകാൻ ജീവനക്കാർ വിസമ്മതിച്ചു. ഇതോടെ പ്രകോപിതരായ യുവാക്കൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. അപ്പച്ചട്ടി കൊണ്ട് ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ചു, കൂടാതെ സംഘം ഹോട്ടലിന്റെ ചില്ലുകളും അടിച്ചു തകർത്തു. സ്ഥലത്ത് ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച അക്രമി സംഘം തടയാൻ ശ്രമിച്ചവർക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടതായി വഞ്ചിയൂർ പൊലീസ് പറഞ്ഞു. 

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അറിയിച്ചു വഞ്ചിയൂർ പോലീസ് സ്ഥലത്തിയപ്പോഴേക്കും അക്രമി സംഘം കടന്നു കളഞ്ഞു. ഹോട്ടലിലെ സി.സി.ടി.വി ക്യാമറകളിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളതായി വഞ്ചിയൂർ പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി വഞ്ചിയൂർ പൊലീസ് പറഞ്ഞു.  പരിക്കേറ്റ ഹോട്ടൽ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.