Asianet News MalayalamAsianet News Malayalam

പ്രളയദുരിതാശ്വാസം: 326 കുടുംബങ്ങൾക്ക് അധികം കൊടുത്തത് രണ്ടര ലക്ഷം; തിരിച്ചുപിടിക്കാൻ നടപടി

പണം വിതരണം ചെയ്ത് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ജില്ലാ ഭരണകൂടത്തിന് അബദ്ധം മനസിലായത്. 326 പേരുടേയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി

Due to the damage of the Database, more than three hundred families got extra two lakhs as flood relief
Author
Ernakulam, First Published Mar 17, 2019, 9:59 AM IST

കൊച്ചി: എറണാകുളം ജില്ലയിലെ പ്രളയദുരിതബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പണം വിതരണം ചെയ്തതിൽ വീഴ്ച. ഡേറ്റബേസ് തകരാറിനെത്തുടർന്ന് മുന്നൂറിലധികം കുടുംബങ്ങൾക്ക് നിശ്ചയിച്ചതിനേക്കാൾ അധിക തുക സർക്കാർ അക്കൗണ്ടിൽ നിന്ന് കൈമാറി. അബദ്ധത്തിൽ കൈമാറിയ അധിക തുക തിരികെ പിടിക്കണമെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് റവന്യൂ വകുപ്പ് റിക്കവറി നടപടി തുടങ്ങി.

എറണാകുളം ജില്ലയിൽ പ്രളയം ഏറെ ദുരിതം വിതച്ച പറവൂർ, ആലുവ മേഖലയിലാണ് ദുരിതബാധിതർക്ക് നിശ്ചയിച്ചതിലും കൂടുതൽ തുക അക്കൗണ്ടിൽ എത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 326 കുടുംബങ്ങൾക്കാണ് രണ്ടരലക്ഷം രൂപ അധികമായി അക്കൗണ്ടിലെത്തിയത്.അതായത് 8 കോടി 15 ലക്ഷം രൂപ വകമാറിയെത്തിയെന്ന് ചുരുക്കം.

പണം വിതരണം ചെയ്ത് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ജില്ലാ ഭരണകൂടത്തിന് അബദ്ധം മനസിലായത്. ഇന്‍റേണൽ ഓഡിറ്റിൽ കണ്ടെത്തിയ 326 പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ജില്ലാ കളക്ടർ മാർച്ച് 14 ന് നിർദേശം നൽകി. ഡേറ്റ ബേസ് തകരാറിനെത്തുടർന്ന് പണം തെറ്റായ അക്കൗണ്ടുകളിലേക്ക് മാറിയെന്നാണ് കളക്ടർ കത്തിൽ സൂചിപ്പിക്കുന്നത്. 326 അക്കൗണ്ടുകൾ മരവിപ്പിച്ചെങ്കിലും ഇതിനകം പലരും ഭാഗികമായോ പൂർണമായോ കിട്ടിയ പണം പിൻവലിച്ചിരുന്നു.

മരവിപ്പിക്കുന്നതിന് മുൻപ് പണം പിൻവലിച്ച കേസുകളിൽ വില്ലേജ് ഓഫീസർമാർ മുഖേന റവന്യൂ റിക്കവറി നിയമപ്രകാരം തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.67000 പേർക്ക് ഇതുവരെ ഭവന പുനരുദ്ധാരണ ധനസഹായം വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ധനസഹായം ലഭിക്കാൻ ശേഷിക്കുന്ന ഗുണഭോക്താക്കൾക്ക് കെട്ടിടപരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് തുക കൈമാറുമെന്നും ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios