ഇന്ധന വില വര്‍ധനയ്ക്കെതിരായ പ്രതിഷേധത്തിനുപയോഗിച്ച പ്ലക്കാര്‍ഡുകള്‍ ആറ്റിങ്ങല്‍ നഗരസഭാ ഓഫീസിന് സമീപം സൂക്ഷിച്ചിരുന്നു. ഇവിടെ നിന്ന് മോഷ്ടിച്ച പ്ലക്കാര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ ഉപയോഗിക്കുകയും അമളി പിണഞ്ഞെന്ന് മനസിലായതോടെ വലിച്ച് കീറി നശിപ്പിച്ചെന്നുമാണ് പരാതി

ആറ്റിങ്ങല്‍: വനംകൊള്ളക്കെതിരെ ആറ്റിങ്ങലില്‍ ബിജെപി നടത്തിയ പ്രതിഷേധത്തില്‍ ഉപയോഗിച്ച ഡിവൈഎഫ്ഐയുടെ പ്ലക്കാര്‍ഡുകള്‍ മോഷ്ടിച്ചതെന്ന് ആരോപണം. ആറ്റിങ്ങല്‍ സ്വദേശിയും ഡിവൈഎഫ്ഐ സോണ്‍ യൂണിറ്റ് കമ്മിറ്റി അംഗവുമായ ശരതാണ് ബിജെപിക്കെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്.

ഡിവൈഎഫ്ഐ രാജ്യവ്യാപകമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തി വരുന്ന ഇന്ധന വില വര്‍ധനയ്ക്കെതിരായ പ്രതിഷേധത്തിനുപയോഗിച്ച പ്ലക്കാര്‍ഡുകള്‍ ആറ്റിങ്ങല്‍ നഗരസഭാ ഓഫീസിന് സമീപം സൂക്ഷിച്ചിരുന്നു. ഇവിടെ നിന്ന് മോഷ്ടിച്ച പ്ലക്കാര്‍ഡ് ബിജെപി പ്രവര്‍ത്തകര്‍ ഉപയോഗിക്കുകയും അമളി പിണഞ്ഞെന്ന് മനസിലായതോടെ വലിച്ച് കീറി നശിപ്പിച്ചെന്നുമാണ് പരാതി. ഇത്തരത്തില്‍ ഇരുപതോളം പ്ലക്കാര്‍ഡുകള്‍ മോഷണം പോയതായാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്.

വനംകൊള്ളക്കെതിരെയുള്ള സമരത്തില്‍ പെട്രോള്‍ വിലവര്‍ധനക്കെതിരെയുള്ള ഡിവൈഎഫ്‌ഐ പോസ്റ്റര്‍; ബിജെപിക്ക് ട്രോള്‍

ഇന്ധന വില വര്‍ധന തുടരുന്ന സാഹചര്യത്തില്‍ തുടര്‍ സമരങ്ങള്‍ക്കായി പ്ലക്കാര്‍ഡുകള്‍ വീണ്ടെടുത്ത് തരണമെന്നാണ് ഡിവൈഎഫ്ഐ പരാതിയില്‍ ആവശ്യപ്പെടുന്നത്. ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ ഇത്സംബന്ധിച്ച പരാതി നല്‍കിയതായാണ് ശരത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചത്. എന്നാല്‍ പരാതി കിട്ടിയ വിവരം ആറ്റിങ്ങല്‍ പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ നഗരസഭാ കാര്യാലയത്തിന് മുന്നിലാണ് ബിജെപി സമരം സംഘടിപ്പിച്ചത്. കൊവിഡ് മാനദണ്ഡം പാലിച്ച് വനിതാ പ്രവര്‍ത്തകരടക്കം പത്തോളം പേരാണ് സമരത്തില്‍ പങ്കെടുത്തത്. ഇതില്‍ ഒരു പ്രവര്‍ത്തക പിടിച്ച പ്ലക്കാര്‍ഡില്‍ പെട്രോള്‍ വില സെഞ്ച്വറിയടിച്ചു, പ്രതിഷേധിക്കുക, ഡിവൈഎഫ്‌ഐ എന്നാണ് ഉണ്ടായിരുന്നത്. മറ്റ് പ്രവര്‍ത്തകര്‍ അബദ്ധം ശ്രദ്ധയില്‍പ്പെടുത്തിയതോടെ വനംകൊള്ളക്കാരെ അറസ്റ്റ് ചെയ്യുക എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തുകയായിരുന്നു. രാജ്യത്താകമാനം ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ഉള്ളില്‍ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിച്ചതെന്നാണ് ഇതിനേക്കുറിച്ച് തോമസ് ഐസക്ക് പറഞ്ഞത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona