കോഴിക്കോട്: ഓൺലൈൻ വിദ്യാഭ്യാസം  ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ ഡിവൈഎഫ്ഐ ആഹ്വാനംചെയ്ത ടിവി ചലഞ്ചിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ഇതുവരെ 830 ടിവികൾ കൈമാറി. വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രങ്ങളായി നിശ്ചയിച്ച 168 പൊതു പഠനകേന്ദ്രങ്ങളിലും 662 വീടുകളിലേക്കുമാണ് ഡിവൈഎഫ്ഐയുടെ വിവിധ ഘടകങ്ങൾ ടി വി കൈമാറിയത്. 

ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയുടെ  നേതൃത്വത്തിൽ ഇന്ന് കൈമാറിയ ടിവികൾ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി. മിനി, സമഗ്ര ശിക്ഷാ പ്രോജക്ട് കോർഡിനേറ്റർ ഡോ.എ.കെ. അബ്ദുൽ ഹക്കീം എന്നിവർ ചേർന്ന്  ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷിൽ നിന്ന് ഏറ്റുവാങ്ങി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി. വസീഫ്  ജില്ലാ പ്രസിഡൻറ് അഡ്വ:എൽ.ജി ലിജീഷ് എന്നിവർ പങ്കെടുത്തു.