സംസ്ഥാനത്തെ ആദ്യ കേൾവി പരിമിതയായ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ലതിക ചന്ദ്രൻ (48) അന്തരിച്ചു. മസ്തിഷ്ക്ക ജ്വരത്തെ തുടർന്ന് കേൾവിശക്തി നഷ്ടപ്പെട്ടിട്ടും ചുണ്ടനക്കങ്ങൾ വായിച്ചറിഞ്ഞ് കാൽ നൂറ്റാണ്ടോളം സർക്കാർ സർവീസിൽ സേവനമനുഷ്ഠിച്ചു.
കാസർകോട് : സംസ്ഥാനത്തെ ആദ്യ കേൾവി പരിമിതയായ പഞ്ചായത്ത് സെക്രട്ടറി ഇനി ഓർമ. കാൽ നൂറ്റാണ്ടോളം സർക്കാർ സർവീസിൽ മികച്ച സേവനം നടത്തിയ ലതിക ചന്ദ്രൻ (48) ആണ് അന്തരിച്ചത്. കാസർകോട് ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫീസിലെ സീനിയർ സുപ്രണ്ട് ആയിരുന്നു.ഉളിയത്തടുക്ക ഭഗവതി നഗർ ഐവർ സ്ട്രീറ്റിൽ ആണ് താമസിച്ചിരുന്നത്. ആളുകളുടെ ചുണ്ട് അനക്കത്തിൽ നിന്നും കാര്യങ്ങൾ ഗ്രഹിച്ചും മറുപടി എഴുതി നൽകിയും ആണ് ജോലി ചെയ്തത്. തലശേരി അയ്യത്താൽ മാടായി കുടുംബഗം ആണ്. മസ്തിഷ്ക്ക ജ്വാരമാണ് കേൾവിയെയും സംസാര ശേഷിയെയും ബാധിച്ചത്.10 വയസ് ഉള്ളപ്പോഴാണ് രോഗം ബാധിച്ചത്. നാലു വർഷം മുമ്പ് നട്ടെല്ലിനെയും കരളിനെയും ബാധിച്ച അർബുദം വില്ലനായി.ബിരുദാനന്ത ബിരുദത്തിനു ശേഷം കളക്ടറുടെ സ്പെഷ്യൽ റിക്രൂട്ട് മെന്റ് വഴി 21 ആം വയസ്സിൽ പഞ്ചായത്ത് സെക്രട്ടറിയായി. മടിക്കൈയിൽ ആയിരുന്നു ആദ്യ നിയമനം. അലാമിപ്പള്ളിയിലെ എൻ ബിനേഷ് ആണ് ഭർത്താവ്. മക്കൾ ഇഷിക ഹൻഷിക.


