ഹെൽമെറ്റ് കൊണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു

പാലക്കാട്: അട്ടപ്പാടിയിൽ കോട്ടത്തറ ആശുപത്രിക്ക് മുന്നിൽ വെച്ച് ഡിവൈഎഫ്ഐ നേതാവിന് പൊലീസുദ്യോഗസ്ഥന്റെ മർദ്ദനം. അഗളി മുൻ മേഖലാ സെക്രട്ടറി മണികണ്ഠേശ്വരനാണ് മർദ്ദനമേറ്റത്. അഗളി സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥനാണ് മർദിച്ചത്. വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രിക്ക് മുമ്പിൽ രണ്ട് സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇതിൽ ഡിവൈഎഫ്ഐ നേതാവായ മനോജിന് പരിക്കേറ്റിരുന്നു. ഇതേ തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിലെത്തിയത്. അതേസമയം ഹെൽമെറ്റ് കൊണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. അതേസമയം മണികണ്ഠേശ്വരനെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പൊലീസുകാരൻ കൈവീശിയടിക്കുന്നതും മണികണ്ഠേശ്വരന് ഒപ്പമുള്ളവർ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

നഗരസഭാ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ് ഷേർല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്. കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരാവണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവിക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പാലിച്ചില്ലെന്ന കോടതിയലക്ഷ്യ കേസിലാണ് നടപടി. നേരിട്ട് ഹാജരാവണമെന്ന നിർദ്ദേശം ഒഴിവാക്കണമെന്ന നഗരസഭാ സെക്രട്ടറിയുടെ ആവശ്യം കോടതി തള്ളി.

എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു

മുത്തങ്ങ: വയനാട്ടിലെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ പരിശോധനക്കിടെ യാത്രക്കാരിൽ നിന്ന് കണ്ടെത്തിയ ഒൻപത് ലക്ഷം രൂപ നടപടിക്രമം പാലിക്കാതെ കൈവശം വെച്ച സംഭവത്തിലാണിത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ പിഎ പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ എംകെ മൻസൂർ അലി, എംസി സനൂപ് എന്നിവർക്കെതിരെയാണ് നടപടി.