കോഴിക്കോട്: പൊലീസ് സ്‌റ്റേഷനില്‍  ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മൂന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കല്ലാച്ചി മേഖല സെക്രട്ടറി ആയിലംകണ്ടി എ കെ ബിജിത്ത്(28), വരിക്കോളി സ്വദേശി ചെട്ടിക്കുളങ്ങര സി കെ നിജേഷ്(33), കല്ലാച്ചി സ്വദേശി ശാരിക്കണ്ടിയില്‍ അജിത്ത്(36) എന്നിവരാണ് അറസ്റ്റിലായത്. 

നാദാപുരം പൊലീസ് സ്‌റ്റേഷനിലെ സിപിഒ ജയകൃഷ്ണനെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് മൂന്ന് പേരും അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. നാദാപുരം ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. 

അറസ്റ്റിലായവരുടെ മേല്‍വിലാസം എഴുതി എടുക്കുന്നതിനിടെ തെറ്റായ മേല്‍വിലാസം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ട ജയകൃഷണന്‍ ഇത് ചോദ്യം ചെയ്തതാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പ്രതികള്‍ ഷര്‍ട്ടിന്‍റെ കോളറില്‍ കയറി പിടിക്കുകയും ചെയ്തു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ ചേര്‍ന്നാണ് പ്രതികളെ പിടിച്ച് മാറ്റിയത്. നാദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളില്‍ അജിത്തിന് ജാമ്യം നല്‍കുകയും മറ്റ് രണ്ട് പേരെ റിമാന്‍റ് ചെയ്യുകയും ചെയ്തു.