1909ൽ നെടുങ്കയം ഡിപ്പോ പരിസരത്ത് ബ്രിട്ടിഷുകാർ വച്ചുപിടിച്ച പ്ലാന്റേഷനിൽ നിന്ന് ഉണങ്ങി വീണ തേക്കുമരത്തിന്റെ 3 കഷ്ണങ്ങൾ കഴിഞ്ഞ 10ന് നെടുങ്കയം ഡിപ്പോയിൽ ലേലത്തിന് വയ്ക്കുകയായിരുന്നു
മലപ്പുറം: 114 വർഷം പഴക്കമുള്ള നിലമ്പൂർ തേക്കിന് ലേലത്തിൽ ലഭിച്ചത് 39.25 ലക്ഷം രൂപ. വനം വകുപ്പിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയാണിത്. കയറ്റുമതിയിനത്തിൽപ്പെട്ട ഈ തേക്കുമരത്തിന്റെ മൂന്ന് ഭാഗങ്ങളും സ്വന്തമാക്കിയത് തിരുവനന്തപുരം വൃന്ദാവൻ ടിമ്പേഴ്‌സ് ഉടമ ഡോ. അജീഷ് കുമാറാണ്. കഴിഞ്ഞ മൂന്ന് വർഷമായി നിലമ്പൂരിലെ വനം വകുപ്പിന്റെ തടി ഡിപ്പോകളായ അരുവാക്കോട്, നെടുങ്കയം ഡിപ്പോകളിൽ ഇ - ലേലത്തിൽ അജീഷ് സജീവമായി പങ്കെടുത്തു വരുന്നുണ്ട്.
ഏറ്റവും ഉയർന്ന വിലയ്ക്ക് നിലമ്പൂർ തേക്ക് സ്വന്തമാക്കിയ ആൾ എന്ന നേട്ടവും ഡോ അജിഷ് കുമാറിന്റെ പേരിലായി. 1909ൽ നെടുങ്കയം ഡിപ്പോ പരിസരത്ത് ബ്രിട്ടിഷുകാർ വച്ചുപിടിച്ച പ്ലാന്റേഷനിൽ നിന്ന് ഉണങ്ങി വീണ തേക്കുമരത്തിന്റെ 3 കഷ്ണങ്ങൾ കഴിഞ്ഞ 10ന് നെടുങ്കയം ഡിപ്പോയിൽ ലേലത്തിന് വയ്ക്കുകയായിരുന്നു. മൂന്ന് കഷ്ണങ്ങൾ കൂടി എട്ട് ഘനമീറ്ററോളം വരും. കയറ്റുമതി ഇനത്തിൽപ്പെട്ട മൂന്ന് തേക്ക് കഷ്ണങ്ങളും വാശിയേറിയ ഇ - ലേലത്തിൽ തിരുവനന്തപുരത്തുകാരനായ അജീഷ് സ്വന്തമാക്കുകയായിരുന്നു.
ഒരു കഷ്ണത്തിന് മാത്രം 23 ലക്ഷം രൂപയാണ് സർക്കാരിന്റെ 27 ശതമാനം നികുതി ഉൾപ്പെടെ നൽകിയത്. മറ്റ് രണ്ട് കഷ്ണണങ്ങൾക്ക് ഒന്നിന് 5.25 ലക്ഷവും രണ്ടാമത്തെ കഷ്ണണത്തിന് 11 ലക്ഷവും ലഭിച്ചു. അങ്ങനെ ഉണങ്ങി വീണ ഒരു തേക്കിന് സർക്കാർ ഖജനാവിലേക്ക് ലഭിച്ചത് 39.25 ലക്ഷം രൂപയാണ്. സംരക്ഷിത പ്ലാന്റേഷനായതിനാൽ ഉണങ്ങി വീഴുകയോ കടപുഴകി വീഴുകയോ ചെയ്യുമ്പോൾ മാത്രമാണ് ചരിത്ര വിലകൾ ലഭിക്കാവുന്ന തേക്ക് തടികൾ ലേലത്തിൽ വയ്ക്കുക. ഉയർന്ന വില പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വലിയ വില പ്രതീക്ഷിച്ചിരുന്നില്ലെന്ന് നെടുങ്കയം ടിമ്പർ സെയിൽ ഡിപ്പോ റെയ്ഞ്ച് ഓഫിസർ ഷെരീഫ് പനോലൻ പറഞ്ഞു.
നെടുങ്കയം ഡിപ്പോയിലെത്തി ഡോ. അജീഷ് കുമാർ തേക്ക് തടികൾ ലോറിയിൽ കയറ്റി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. റെക്കോർഡ് വില ലഭിച്ച തേക്ക് തടി, ലോറിയിൽ കയറ്റുന്നത് കാണാൻ നിരവധി പേരാണ് എത്തിയത്. ലോഡിംഗ് കൂലി മാത്രം 15,000 രൂപയായി. ലോറി കൂലി ഉൾപ്പെടെ അജീഷ് കുമാറിന് 40 ലക്ഷം രൂപയോളം ചെലവായി. നെടുങ്കയം ഡിപ്പോയിൽ നടന്ന ലേലത്തിൽ ഈ തേക്ക് തടികൾ ഉൾപ്പെടെ 57 ഘനമീറ്റർ നിലമ്പൂർ തേക്കാണ് അജീഷ് വിളിച്ചെടുത്തത്.
വെജ് ഹോട്ടലിൽ കയറി ചിക്കൻ ഫ്രൈഡ് റൈസ് ചോദിച്ചു; ഇല്ലെന്ന് പറഞ്ഞപ്പോള്‍ 'അടിയുണ്ടാക്കി' പൊലീസുകാർ
