സോമനാഥ് ഫ്രറ്റേനിറ്റി, കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

തിരുവനന്തപുരം: വെറുപ്പില്ലാതെ വിയോജിക്കാം എന്നു സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്ന വ്യക്തിയാണു പത്രപ്രവർത്തകനായ ഇ.സോമനാഥെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. മണ്ണിനെയും മനുഷ്യനെയും ഒരു പോലെ സ്നേഹിച്ച സവിശേഷ സംസ്കാരത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ഇ.സോമനാഥിന്റെ ഓർമകൾ നിറഞ്ഞ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇ.സോമനാഥ് ഫ്രറ്റേനിറ്റി, കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ‘മനോരമയുടെയും സോമനാഥിന്റെയും തലോടല്ല, താ‍ഡനമാണ് എനിക്ക് ഏറിയ പങ്കും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. എന്നാൽ കാലുഷ്യത്തോടെയല്ല വിമർശിക്കുന്നതെന്നു തോന്നിയിട്ടുണ്ട്. അങ്ങനെയായിരുന്നെങ്കിൽ അടുത്ത ദിവസം കാണുമ്പോൾ നിഷ്കളങ്കമായ ചിരിയുമായി അഭിമുഖീകരിക്കാൻ വൈഷമ്യമുണ്ടാകും. 

പക്ഷേ അതൊരിക്കലും സോമനാഥിൽ കണ്ടിട്ടില്ല. കെ.ആർ.ചുമ്മാറിനു ശേഷം നിയമസഭാവലോകനം നർമ മധുരവും തീക്ഷ്ണവുമാക്കിയതു സോമനാഥാണ്. കർക്കശമായ വിമർശനവും സമഗ്രമായ അപഗ്രഥനവും ആക്ഷേപ ഹാസ്യ സ്വഭാവവും അദ്ദേഹത്തിന്റെ സഭാ റിപ്പോർട്ടിങ്ങിനെ വ്യത്യസ്തമാക്കി. നർമ മധുരമായ ‘ആഴ്ചക്കുറിപ്പുകൾ’ എന്ന കോളം എഴുതാൻ ‘വിമതൻ’ എന്ന തൂലിക നാമം അദ്ദേഹം സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. എല്ലാറ്റിനെയും കയ്യടിച്ചു പാസാക്കാതെ വിയോജിച്ചു കൊണ്ടു പരിശോധിക്കുന്ന ശൈലിയ്ക്കു ചേരുന്നതായിരുന്നു അത്. പത്രസമൂഹത്തിനു പൊതു സ്വീകാര്യനായിരുന്ന അദ്ദേഹം സൃഷ്ടിച്ച മാതൃകകൾ ഉൾക്കൊള്ളാൻ പുതുതലമുറയിലെ പത്രപ്രവർത്തകർ ശ്രദ്ധിക്കണം’– മുഖ്യമന്ത്രി പറഞ്ഞു.

മനോരമ വാർത്തെടുത്ത പ്രതിഭയായ സോമനാഥ് അധികമാരും നടക്കാത്ത വഴികളിലൂടെ സഞ്ചരിച്ച പത്രപ്രവർത്തകനാണെന്നു അധ്യക്ഷത വഹിച്ച ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. ആരേയും ബോധപൂർവം വേദനിപ്പിച്ചുകൊണ്ട് എഴുതിയില്ല എന്നതാണു സോമനാഥിന്റെ വലിയ പ്രത്യേകതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രി ആന്റണി രാജു, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, സിപിഐ കൺട്രോൾ കമ്മിഷൻ ചെയർമാനും ഫ്രേറ്റേനിറ്റി കൺവീനറുമായ പന്ന്യൻ രവീന്ദ്രൻ, മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, ഫ്രറ്റേനിറ്റി ജോയിന്റ് കൺവീനർമാരായ സുജിത്ത് നായർ, മാർഷൽ വി.സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. സോമനാഥിന്റെ ഛായാചിത്രം മുഖ്യമന്ത്രി ഇ.സോമനാഥിന്റെ മകൾ ദേവകിക്കു സമ്മാനിച്ചു.