ഹരിപ്പാട്: നാളുകളായി നാട്ടുകാരെ പറന്ന് കൊത്തി വില്ലനായി വിലസിയ പരുന്തിനെ ഒടുവില്‍ പിടികൂടി നാടുകടത്തി. നാലു വർഷമായി നാട്ടുകാർക്ക് ഭീഷണിയായ പരുന്തിനെയാണ് പിടികൂടിയത്. മുതുകുളം വെട്ടത്തുമുക്ക് ഭാഗത്ത് ഇടക്കിടെ എത്തുന്ന പരുന്ത് കുട്ടികളടക്കമുളളവരെ ആക്രമിക്കുമായിരുന്നു. 

കഴിഞ്ഞ ദിവസവും ആക്രമണത്തിൽ നാട്ടുകാരനായ ഒരാളുടെ തലക്ക് നിസാര പരിക്കേറ്റിരുന്നു. കടക്കുളളിൽ കയറിയ പരുന്തിനെ ഷട്ടർ താഴ്ത്തിയശേഷം ചാക്കും മറ്റും ഉപയോഗിച്ചാണ് പിടികൂടിയത്. പിന്നീട് പരുന്തിനെ തോട്ടപ്പളളിയിൽ കടലോര പ്രദേശത്ത് എത്തിച്ച് തുറന്നുവിട്ടു. 

കടലോര പ്രദേശമായതിനാൽ മത്സ്യം ഉൾപ്പെടെയുളള ആഹാരം ധാരാളം ലഭിക്കുന്നതിനാൽ തിരികെ വരില്ലെന്ന പ്രതീക്ഷയിലാണ് തോട്ടപ്പളളിയിൽ വിട്ടത്. ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് ബി എസ് സുജിത്ത് ലാൽ ഉൾപ്പെടെയുളളവരാണ് പരുന്തിനെ തോട്ടപ്പളളിയിൽ എത്തിച്ചത്.