രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയാണ് പ്രചരിച്ചതോടെ, വലിയഴീക്കൽ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ ആറാട്ടുപുഴയിൽ നിന്നുള്ള ഒരുപറ്റം യുവാക്കൾക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
ഹരിപ്പാട്: വെള്ളത്തിൽ മുങ്ങിത്താഴ്ന്ന് ജീവനുവേണ്ടി മല്ലടിച്ച പരുന്തിന് പുതുജീവൻ നൽകി ഒരു പറ്റം യുവാക്കൾ. സാഹസികമായ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയാണ് പ്രചരിച്ചതോടെ, വലിയഴീക്കൽ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ ആറാട്ടുപുഴയിൽ നിന്നുള്ള ഒരുപറ്റം യുവാക്കൾക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
കഴിഞ്ഞ ഞായറാഴ്ചയാണ് അദ്നാൻ സുധീർ, ഹാഷിം എന്നിവരടങ്ങുന്ന ഏഴംഗ സംഘം വലിയഴീക്കൽ പൊഴിമുഖത്ത് കാഴ്ചകൾ കാണാനെത്തിയത്. അവിടെവെച്ചാണ് വെള്ളത്തിൽ വീണ് ചിറകടിക്കാൻ പോലും കഴിയാതെ ഒരു പരുന്ത് മുങ്ങിത്താഴുന്നത് കണ്ടത്. ഹാഷിം ഉടൻ തന്നെ കൽപ്പടവുകൾ ഇറങ്ങി വെള്ളത്തിലേക്ക് വടം ഇട്ടുകൊടുത്ത് ഏറെ പ്രയത്നിച്ച് പരുന്തിനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. രക്ഷാപ്രവർത്തനം സുഹൃത്ത് അദ്നാൻ ക്യാമറയിൽ പകർത്തി 'റേഷൻ പീടിയ' എന്ന ഇൻസ്റ്റഗ്രാം പേജിൽ 'ഒരു കൈ നീട്ടി മരണത്തെ തോൽപ്പിച്ചു' എന്ന അടിക്കുറിപ്പോടെ വീഡിയോ പങ്കുവെച്ചു.
ആദ്യ ദിവസം തന്നെ 15 ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോ, മൂന്ന് ദിവസം പിന്നിടുമ്പോൾ 4 മില്യൺ (40 ലക്ഷം) കാഴ്ചക്കാരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശിയായ ഹാഷിം, കായംകുളം വിംസ് ഏവിയേഷനിലെ രണ്ടാംവർഷ ബിബിഎ വിദ്യാർത്ഥിയാണ്. അദ്നാൻ സുധീർ ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളേജിലെ ബിസിഎ വിദ്യാർത്ഥിയാണ്.


