ചിറക് വിരിച്ച് പറക്കാനുള്ള ഓരോ ശ്രമവും കുരുക്ക് മുറുക്കിയതോടെ അക്ഷരാർത്ഥത്തിൽ വെള്ളത്തിലായ പരുന്തുകളെ ഒടുവിൽ വനംവകുപ്പെത്തിയാണ് രക്ഷിച്ചത്
കോളാട്: ചെമ്മീൻ കെട്ടിൽ ഇരപിടിക്കാനെത്തിയ പരുന്തുകൾ കുടുങ്ങി. കണ്ണൂർ മേലൂർ കോളാട് പാലത്തിന് സമീപം ഇര പിടിക്കാനെത്തിയ പരുന്തുകളാണ് ചെമ്മീൻ കെട്ടിലെ നൈലോൺ നൂലുകൾക്കിടയിൽ കുടുങ്ങിയത്. തീറ്റയെടുത്ത് ഉടൻ മടങ്ങാമെന്ന് കരുതിയെത്തിയ പരുന്തുകളാണ് കുടുങ്ങിയത്. ചെമ്മീൻ കെട്ടിൽ പക്ഷികളുടെ ശല്യമൊഴിവാക്കാൻ സ്ഥാപിച്ച നൈലോൺ നൂലുകൾക്കിടയിൽ പരുന്തുകൾ കൂട്ടത്തോടെ കുരുങ്ങുകയായിരുന്നു.
കുരുങ്ങിയതോടെ രക്ഷപ്പെടാൻ പരുന്തുകളും വെപ്രാളപ്പെട്ടതോടെ കുരുക്ക് കൂടുതൽ മുറുകുകയായിരുന്നു. ചിറക് വിരിച്ച് പറക്കാനുള്ള ഓരോ ശ്രമവും കുരുക്ക് മുറുക്കിയതോടെ അക്ഷരാർത്ഥത്തിൽ വെള്ളത്തിലായ പരുന്തുകളെ ഒടുവിൽ വനംവകുപ്പെത്തിയാണ് രക്ഷിച്ചത്. കുരുക്കിൽ കുടുങ്ങിയ ചില പരുന്തുകളുടെ ചിറകുകൾക്ക് ഗുരുതര പരിക്കുകളുണ്ട്.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.ജിതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരുന്തുകളുടെ കുരുക്കഴിച്ചത്. കരക്കെത്തിച്ച പരുന്തുകളുടെ ചിറക് ഉണക്കി വെള്ളം നൽകിയാണ് വനംവകുപ്പ് പറത്തിവിട്ടത്. മുൻപും സമാനസംഭവമുണ്ടെങ്കിലും കൂട്ടത്തോടെ ഇത്ര പരുന്തുകൾ കുടുങ്ങുന്നത് ആദ്യമെന്ന് നാട്ടുകാർ പറയുന്നത്.
