മൂന്ന് കാറുകളിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്ര സേനയിലെ സായുധ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 

തൃശൂര്‍: മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ.സി മൊയ്തീന്റെ വസതിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു. ഏകദേശം 22 മണിക്കൂര്‍ നീണ്ടുനിന്ന പരിശോധന പുലര്‍ച്ചെ 5.10ഓടെയാണ് അവസാനിച്ചത്. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ നിന്ന് എന്‍ഫോഴ്‍സ്‍മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധനയെന്നാണ് വിവരം. ഇക്കാര്യത്തില്‍ എന്‍ഫോഴ്‍മെന്റ് ഡയക്ടറേറ്റ് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസില്‍ നിന്നുള്ള പന്ത്രണ്ട് പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ചൊവ്വാഴ്ച രാവിലെയാണ് എ.സി മൊയ്തീന്‍ എം.എല്‍.എയുടെ വീട്ടിലെത്തിയത്. ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ എ.സി മൊയ്തീന്‍ വീട്ടിലുണ്ടായിരുന്നു. മൂന്ന് കാറുകളിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്ര സേനയിലെ സായുധ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീന്റെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു. കരിവന്നൂ‍ർ ബാങ്ക് തട്ടിപ്പുകേസിൽ 18 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ചേ‍‍ർത്തിട്ടുള്ളത്. 

Read also: കോടതിയെ വെല്ലുവിളിച്ച് സിപിഎം; ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം തകൃതി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരൻ സുരേഷ്, പ്രതികളായ ബിജു കരീം, ജിൽസ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നാണ് സൂചന. തട്ടിപ്പിനെക്കുറിച്ച് അന്നത്തെ പാർട്ടി ജില്ലാ നേതൃത്വത്തിന് സുരേഷ് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ എസി മൊയ്തീൻ ബിജു, ജിൽസ്, ബിജുവിന്റെ സഹോദരി ഭർത്താവ് എന്നിവരുടെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിന് എത്തിയിരുന്നു. അന്ന് സിപിഎം പ്രവർത്തകനായിരുന്നു പരാതിക്കാരൻ സുരേഷ്. എ.സി മൊയ്തീന്റെ പങ്കിനെക്കുറിച്ചുള്ള വിവിധ മൊഴികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് അനുമാനം.

റെയ്ഡിനിടെ എ.സി മൊയ്തീന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരെ സിപിഎം പ്രവർത്തകർ അടിച്ചോടിച്ചിരുന്നു. മൊയ്തീന്റെ രാജി ആവശ്യപ്പെട്ടായിരുന്നു യുഡിഎഫ് മാർച്ച്. എന്നാൽ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ ഒന്നടങ്കം മുന്നോട്ട് വന്ന് യുഡിഎഫ് പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധവുമായെത്തിയ യുഡിഎഫ് പ്രവർത്തകർ പിന്തിരിഞ്ഞോടി. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ മർദ്ദിച്ച് ഒതുക്കുകയായിരുന്നു സിപിഎം എന്ന് പ്രാദേശിക യുഡിഎഫ് നേതാക്കളും പ്രവർത്തകരും കുറ്റപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരോട് സിപിഎം നേതാക്കൾ തട്ടിക്കയറി.

Read also: ഇ ഡി വേട്ടയാടുന്നെന്ന പരാതിയില്ല, ഭയവുമില്ല; ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്ന് കെ സുധാകരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുുട്യൂബില്‍ കാണാം...