ഹോമിയോ ആശുപത്രിയിലേയ്ക്ക് മരുന്നെത്തിച്ചതുമായി ബന്ധപ്പെട്ട് വ്യാജ വാഹന നമ്പര്‍ ഉപയോഗിച്ച് ബില്ല് മാറിയ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 

ഇടുക്കി: ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്‍ സുരേന്ദ്രനെ സസ്‌പെന്റ് ചെയ്തു. പഞ്ചായത്ത് ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ഹോമിയോ ആശുപത്രിയിലേയ്ക്ക് മരുന്നെത്തിച്ചതുമായി ബന്ധപ്പെട്ട് വ്യാജ വാഹന നമ്പര്‍ ഉപയോഗിച്ച് ബില്ല് മാറിയ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഇടയമലക്കുടിയിലെ ഹോമിയോ ആശുപത്രിയിലേക്ക് മരുന്നുകള്‍ എത്തിച്ചുനല്‍കിയിരുന്നു. ഇതിനായി വാഹനത്തിന് 3000 രൂപ ചെലവാക്കിയെന്നാണ് രേഖകളില്‍ പറയുന്നത്. 2018 ജനുവരി 4 ന് ഇടമലക്കുടിയിലെ സൊസൈറ്റിയില്‍ ജീപ്പ് മുഖാന്തരം എത്തിച്ചെന്ന് കാണിച്ചാണ് പണം മാറിയിരിക്കുന്നത്. കെ എല്‍ 01 എ ജി 8209 എന്ന വാഹനത്തിനാണ് വൗച്ചര്‍ സ്വീകരിച്ച് സെക്രട്ടറി പണം അനുവധിച്ചിരിക്കുന്നത്. 

എന്നാല്‍ ഈ വാഹനം തിരുവനന്തപുരം ഡിജിപിയുടെ ഉടമസ്ഥതയിലുള്ള എന്‍ഫീല്‍ഡ് ബെക്കാണെന്നതാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റ് രേഖയിലുള്ളത്. വിജിലന്‍സ് എത്തി ഫയലുകള്‍ പരിശോധന നടത്തി പഞ്ചായത്ത്‌ ഡയറക്ടർക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഡയറക്ടറാണ് സെക്രട്ടറി എന്‍ സുരേന്ദ്രനെ സസ്‌പെന്‍റ് ചെയ്തത്.