ഇവിടുത്തെ പ്രശ്‌നങ്ങള്‍ പുറംലോകത്തെത്തണമെങ്കില്‍ കുടികളില്‍ നിന്നുള്ളവര്‍ തമിഴ്‌നാട്ടിലെ വാല്‍പറയിലോ രാജമലയ്ക്ക് സമീപത്തെ പെട്ടിമുടിയിലോ എത്തണം. 

ഇടുക്കി: ഇടമലക്കുടിയിലെ ആദിവാസി ഊരുകളിലെ വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനവും നിലച്ചു. ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ സൊസൈറ്റിക്കുടിയിലെ പഞ്ചായത്ത് ഓഫീസും അക്ഷയ സെന്‍ററും തെരഞ്ഞെടുപ്പിന് തലേദിവസം കാട്ടനാക്കൂട്ടമെത്തി തകര്‍ത്തിരുന്നു. ഓഫീസിനുള്ളിലെ സാധനങ്ങളും മൊബൈല്‍ ടവറുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു.

കുടികളിലെ ഗര്‍ഭിണികളായ ആദിവാസി സ്ത്രീകള്‍ക്ക് വിതരണം ചെയ്യുന്നതിന് സൂക്ഷിച്ചിരുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ വരെ ഇവ നശിപ്പിച്ചിരുന്നു. ടവറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതോടെ താല്‍ക്കാലിക ടവറുകള്‍ എത്തിച്ചാണ് തെരഞ്ഞെടുപ്പിനുള്ള സംവിധാനം ഒരുക്കിയത്.

ഇവിടുത്തെ പ്രശ്‌നങ്ങള്‍ പുറംലോകത്തെത്തണമെങ്കില്‍ കുടികളില്‍ നിന്നുള്ളവര്‍ തമിഴ്‌നാട്ടിലെ വാല്‍പറയിലോ രാജമലയ്ക്ക് സമീപത്തെ പെട്ടിമുടിയിലോ എത്തണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴും പ്രശ്‌നങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പുകള്‍ക്ക് കഴിയാത്തത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയാണ്.