ഇടുക്കി: ഉടുമ്പൻചോല-കല്ലുപാലത്ത് നിന്ന്  കഞ്ചാവ് പിടിച്ചെടുത്തു. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. 8.5 കിലോഗ്രാം കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. രണ്ടുപേർ അറസ്റ്റിലായി.

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോട് കൂടിയാണ്   ഇടുക്കി എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ടീം ഉടുമ്പൻചോല താലൂക്കിൽ കല്ലുപാലം സെൻ്റ് മേരീസ് പള്ളിയുടെ പിറകുവശത്ത് വച്ചണ് കഞ്ചാവ് കടത്തുകാർ ഉപയോഗിച്ചിരുന്ന വാഹനം ഉൾപ്പെടെ പിടികൂടിയത്. 

തമിഴ്നാട്ടിൽനിന്നും  വാഹനത്തിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവ് കണ്ടെത്തുകയും കഞ്ചാവ് കടത്താൻ ശ്രമിച്ച ഉടുമ്പൻചോല താലൂക്കിൽ ചതുരംഗപ്പാറ വില്ലേജിൽ കുന്നേൽ വീട്ടിൽ തോമസ് ജോൺ മകൻ അനൂപ് തോമസ് (28), ഉടുമ്പൻചോല വില്ലേജിൽ പന്തിരിക്കൽ വീട്ടിൽ ദേവസ്യ മകൻ റബിൻ പി ദേവസ്യ (26)എന്നിവരാണ് അറസ്റ്റിലായത്.

 സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയ പ്രതികളായ രാജേന്ദ്രൻ, പ്രഭു എന്നിവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്ന് സിഐ സുരേഷ് കുമാർ അറിയിച്ചു. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ സജിമോൻ കെഡി, സുനിൽ കുമാർ പിആർ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് വിശ്വനാഥൻ വിപി, സിവിൽ എക്സൈസ് ഓഫീസർമാരായ ജലീൽ പിഎം, സിജുമോൻ കെഎൻ, അനൂപ് തോമസ്, ജോഫിൻ ജോൺ, വിഷ്ണു രാജ് കെഎസ്, ഡ്രൈവർ അഗസ്റ്റിൻ തോമസ് എന്നിവർ പങ്കെടുത്തു.