പാർവതി പുത്തനാറിനരികെ 8 കൂട്ടുകാരുടെ മദ്യപാനം, കൂട്ടത്തിലൊരാളെ വെട്ടി, പക്രുവും ശുപ്പാണ്ടിയും അപ്പൂസും പിടിയിൽ
ഗുരുതരമായി പരിക്കേറ്റ വിഷ്ണു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം: മദ്യപാനത്തിനിടെ വാക്കുതർക്കമുണ്ടായപ്പോള്‍ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മേനംകുളം പാർവതീനഗർ പുതുവൽ പുത്തൻവീട്ടിൽ ഗോകുൽ ഗോപൻ (ശുപ്പാണ്ടി 26), ജി രാഹുൽ (അപ്പൂസ് 24), മേനംകുളം കരിഞ്ഞ വയൽ വീട്ടിൽ വിവേക് (പക്രു 27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപാണ് സംഭവം.
സുഹൃത്തുക്കളായ 8 അംഗ സംഘം മേനംകുളം പാർവതി പുത്തനാറിനു സമീപം ഇരുന്നാണ് മദ്യപിച്ചത്. തുടർന്ന് നടന്ന വാക്കേറ്റത്തിൽ സംഘം ഒപ്പം ഉണ്ടായിരുന്ന മുട്ടത്തറ ശിവക്കുട്ട ലൈനിൽ പുതുവൽ പുത്തൻവീട്ടിൽ വിഷ്ണു (29) വിനെ വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അറസ്റ്റിലായ സംഘം മോഷണം, കഞ്ചാവ് കച്ചവടം തുടങ്ങിയ കേസുകളിലെ പ്രതികൾ ആണെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മിഷണർ പൃഥ്വിരാജിന്‍റെ നേതൃത്വത്തിൽ എസ് എച്ച് ഒ ജി അജിത് കുമാർ, എസ് ഐമാരായ മിഥുൻ, ശരത്, സി പി ഒ മാരായ അരുൺ രാജ്, സജാദ് ഖാൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം