സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് പി വി സി പൈപ്പിലാക്കി സൂക്ഷിച്ച നിലയിൽ  ബോംബുകൾ കണ്ടെത്തിയത്. 

കോഴിക്കോട്: ഒരു ഇടവേളയ്ക്ക് ശേഷം നാദാപുരത്ത് നിന്ന് വീണ്ടും ബോംബുകൾ കണ്ടെത്തി. നാദാപുരം പേരോട് നിന്നാണ് എട്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് പി വി സി പൈപ്പിലാക്കി സൂക്ഷിച്ച നിലയിൽ ബോംബുകൾ കണ്ടെത്തിയത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ ബോംബുകൾ പൊലീസ് നിർവീര്യമാക്കി. സംഭവത്തിന് പിന്നിലാരാണെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറയുന്നു. 

വർക്കല പാപനാശത്ത് റിസോർട്ട് ജീവനക്കാരനെ അഞ്ചംഗ സംഘം ആക്രമിച്ചു

തിരുവനന്തപുരം: വർക്കല പാപനാശത്ത് റിസോർട്ട് ജീവനക്കാരനെ അഞ്ച് അംഗ സംഘം ആക്രമിച്ചെന്ന് പരാതി. ഇടുക്കി രാജാക്കാട് സ്വദേശിയായ അമലാണ് (22) ആക്രമണത്തിന് ഇരയായത്. ഇതേ റിസോർട്ടിലെ മുൻ ജീവനക്കാരനാണ് അമലിനെ അക്രമിച്ചത് എന്ന് പൊലീസ് പറയുന്നു. അമലിനെ പരിക്കുകളോടെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും മാറ്റി.

വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അക്രമി സംഘം പാപനാശത്തെ റിസോർട്ടിന് സമീപത്തെത്തി ബഹളമുണ്ടാക്കിയത്. കാര്യം അന്വേഷിക്കാന്‍ എത്തിയപ്പോൾ ഇവര്‍ അമലിനെ ആക്രമിക്കുകയായിരുന്നു. ബിയർ കുപ്പി ഉപയോഗിച്ച് അമലിന്‍റെ തലയ്ക്കും ദേഹത്തും അടിച്ച് പരിക്കേൽപ്പിച്ചു. അടിയേറ്റ് വീണ അമലിനെ അക്രമി സംഘം തീരത്തിട്ട് വലിച്ച് ഇഴച്ചു. ഇതിനിടെ അമലിന്‍റെ ബോധം നഷ്ടമായി. ഈ സമയം , ഭയന്ന അക്രമി സംഘം അമലിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. ബോധരഹിതനായി കടൽത്തീരത്ത് കിടന്ന അമലിനെ നാട്ടുകാരാണ് വർക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ വർക്കല പൊലീസ് അക്രമികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.