ചേർത്തല: വയലാറിൽ  യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച ക്വൊട്ടേഷൻ സംഘത്തിലെ എട്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഏറുമാടം കെട്ടി സംഘം ചേർന്ന് അസാൻമാർഗിക പ്രവർത്തികൾ ചെയ്ത സംഘത്തെ ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം.

വയലാർ പഞ്ചായത്ത് പതിനാലാം വാർഡ് കൃഷ്ണഗിരിയിൽ വൈശാഖ്, ബാഷ് നിവാസ് അഖിൽ ബാബു, ആശാരിത്തറ സജിദേവ്, കിഴക്കേമാപ്പറമ്പിൽ അനന്തു മോഹൻ, മാധവപ്പള്ളിത്തറ വിഷ്ണുനാരായണൻ, അനന്തു ഭവൻ അനന്തു, അശ്വതി മന്ദിരം സൂര്യദാസ്, മാപ്പറമ്പിൽ ഹരി എന്നീവരാണ് അറസ്റ്റിലായത്. 

വയലാർ കൊല്ലപ്പള്ളിയിൽ ഏറുമാടം കെട്ടി സംഘം ചേർന്നിരുന്നവരെ ചോദ്യം ചെയ്ത വയലാർ പഞ്ചായത്ത് പതിനാലാം വാർഡിലെ ഇല്ലത്തറ ചിറ വീട്ടിൽ ഷൈജുമോനെ ബൈക്കിൽനിന്ന് അടിച്ചു വീഴ്ത്തുകയും പിൻതുടർന്ന് വെട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നു.

ആക്രമത്തിന് ഇരയായ ഷൈജുമോൻ ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചേർത്തല ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ഇവർക്കായുള്ള ഊർജ്ജിതമായ തിരച്ചിൽ നടക്കുന്നതായി പൊലീസ് അറിയിച്ചു.