Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധിക്കിടയിലെ നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; എട്ട് പേർക്ക് കാഴ്ചയുടെ പൊൻവസന്തം

രണ്ടു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള കണ്ണാശുപത്രി ആർഎംഒ കൂടിയായ അഡീഷണൽ പ്രൊഫസർ ഡോ ചിത്രാരാഘവന്‍റെ നേതൃത്വത്തിലാണ് ഇവര്‍ക്ക് ശസ്ത്രക്രിയ നടന്നത്.

Eight people underwent ophthalmologic surgery
Author
Thiruvananthapuram, First Published Jun 12, 2020, 7:47 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കൊവിഡിൽ നിന്ന് കരകയറാന്‍ നാടൊന്നാകെ നടത്തുന്ന പോരാട്ടം തുടരുന്ന വേളയിലും ഗവ. കണ്ണാശുപത്രിയിൽ നടന്ന നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വഴി എട്ടു പേരുടെ കാഴ്ച ശക്തി വീണ്ടെടുത്തു. മസ്തിഷ്കമരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ മഹാമാരിയുടെ തേരോട്ടം അവഗണിച്ച് അവയവദാനത്തിന് നല്‍കിയ സമ്മതപത്രമാണ് എട്ടുപേര്‍ക്ക് പുതുവെളിച്ചം പകരാന്‍ അവസരമൊരുക്കിയത്. കൊറോണ വൈറസിന്‍റെ വ്യാപനം വെല്ലുവിളി സൃഷ്ടിക്കുന്ന വേളയിലും കണ്ണാശുപത്രിയില്‍ നടന്ന നേത്രപടലം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഈ എട്ടുപേരിലും വിജയകരമായി പൂര്‍ത്തീകരിക്കുകയായിരുന്നു. ഇവരില്‍ അവസാനത്തെ രണ്ടുപേര്‍ വെള്ളിയാഴ്ച ആശുപത്രി വിട്ടു. 

തിരുവല്ലം നെല്ലിയോട് സ്വദേശി സ്വയംപ്രഭ (65), ബാലരാമപുരം സ്വദേശി ഗോമതി (62) എന്നിവരാണ് കാഴ്ച തിരിച്ചു കിട്ടിയതിന്റെ സംതൃപ്തിയുമായി ആശുപത്രി വിട്ടത്. മറ്റ് ആറു പേരെ രണ്ടാഴ്ച മുമ്പ് ഡിസ്ചാർജ് ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി കൊവിഡ് നാളുകളില്‍ മസ്തിഷ്കമരണം സംഭവിച്ച ആറുപേരുടെ അവയവങ്ങള്‍ മാറ്റിവച്ചിരുന്നു. ഇവരില്‍ നിന്നും ലഭിച്ച നേത്രപടലങ്ങളാണ് ഈ എട്ടുപേര്‍ക്ക് പ്രയോജനപ്പെട്ടത്. 

രണ്ടു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള കണ്ണാശുപത്രി ആർഎംഒ കൂടിയായ അഡീഷണൽ പ്രൊഫസർ ഡോ ചിത്രാരാഘവന്‍റെ നേതൃത്വത്തിലാണ് ഇവര്‍ക്ക് ശസ്ത്രക്രിയ നടന്നത്. അനസ്തേഷ്യാ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ ഡാലിയ ദിവാകർ, സീനിയർ റസിഡന്റുമാരായ ഡോ സംയുക്ത, ഡോ ഇന്ദു എന്നിവർക്കൊപ്പം ഡോ ഡിസിൽവ, ഡോ അഞ്ജലി, ഡോ സ്നേഹ (പി ജി വിദ്യാർത്ഥികൾ), സ്റ്റാഫ് നേഴ്സുമാരായ സ്വപ്നാ ബാബു, ദീപ്തി, ബിന്ദു എന്നിവരും ശസ്ത്രക്രിയാസംഘത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെയും ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചറുടെയും ഓഫീസുകളുടെ നിരന്തരമായ ഇടപെടലുകള്‍ കൊവിഡ് കാലത്തെ ശസ്ത്രക്രിയകള്‍ക്കുള്ള സാങ്കേതിക തടസങ്ങളും വെല്ലുവിളികളും അതിജീവിക്കാന്‍ സഹായകമായി. 

മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റി കൂടിയായ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ എ റംലാബീവി, ജെ ഡി എം ഇ ഡോ തോമസ് മാത്യു, സ്പെഷ്യൽ ഓഫീസർ ഡോ ഹരികുമാരൻ നായർ, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജി ഡയറക്ടർ ഡോ വി സഹസ്രനാമം, മൃതസഞ്ജീവനി കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ സാറാവര്‍ഗീസ്, മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ്, കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്ക് അവയവദാന പ്രക്രൃയ വഴിയുള്ള ഈ ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കിയതില്‍ നിര്‍ണ്ണായക പങ്കുണ്ടെന്ന് ഡോ ചിത്രാരാഘവന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios