മുഹമ്മ: വീട്ടുമുറ്റത്തെ കുളത്തിൽ മുങ്ങി താഴ്ന്ന രണ്ടേകാൽ വയസ്സുകാരിയെ രക്ഷിച്ച എട്ടാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠികളുടെ സ്നേഹാദരം. ആലപ്പുഴ മുഹമ്മ എബിവിലാസം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥി സുനിലിനെയാണ് സഹപാഠികളും അധ്യാപകരും പിടിഎയുടെ നേതൃത്വത്തിൽ വീട്ടിലെത്തി പൊന്നാടയണിച്ച് ആദരിച്ചത്.

മണ്ണഞ്ചേരി കാവുങ്കൽ വടക്കേ തയ്യിൽ നൗഷാദിന്റേയും ആലപ്പുഴ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ഓഫീസിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമിലയുടേയും മകൾ സഫിന ഫാത്തിമയുടെ ജീവനാണ് സുനിലും അമ്മാവൻ ബാലുവും ചേർന്ന്  രക്ഷിച്ചത്. നാടോടികളായ ഇവർ കാവുങ്കലിലെ സ്ഥിരതാമസക്കാരാണ്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് ചൂണ്ടയിൽ മീൻപിടിക്കുന്നതിനായി സൈക്കിളിൽ വന്ന സുനിലും ബാലുവും റോഡിനോട് ചേർന്നുള്ള വേലിക്കെട്ടിനുള്ളിലെ കുളത്തിൽ അനക്കം കേട്ടാണ് നോക്കിയത്. സൈക്കിളിൽ നിന്ന് ഇറങ്ങിയ സുനിൽ കുളത്തിൽ പായൽ മാറിയ സ്ഥലത്ത് എന്തോ പൊങ്ങി നിൽക്കുന്നതും തുടർന്ന് അനങ്ങുന്നതും കണ്ടു. പിന്നീട് വെള്ളത്തിൽ പൊങ്ങി നിന്നത് കുഞ്ഞിന്റെ കൈമുട്ടാണെന്ന് മനസ്സിലാക്കിയ ഇവർ വേലി പൊളിച്ച് കുളത്തിൽ ചാടി. തുടർന്ന് കുളത്തിൽ മുങ്ങി താഴുകയായിരുന്ന കുഞ്ഞിനെ  രക്ഷപ്പെടുത്തുകയും ആളുകളെ വിളിച്ചുകൂട്ടി കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സഹോദരങ്ങളുമായി വീട്ടുമുറ്റത്ത് കളിക്കുമ്പോൾ സഫിന ഫാത്തിമ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. പ്രിൻസിപ്പാൾ പി സജീവും മുഹമ്മ എഎസ്ഐ സുഭാഷ് ചന്ദ്ര ബോസും ചേർന്നാണ് സുനിലിനെ പൊന്നാടയണിയിച്ചത്. പ്രധാനാധ്യാപിക വി കെ ഷക്കീല, പിടിഎ പ്രസിഡന്റ് എൻ ടി റെജി എന്നിവർ സംസാരിച്ചു.