എരൂരിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ എട്ടുവയസ്സുകാരനെ തൃപ്പൂണിത്തുറ പോലീസ് സുരക്ഷിതനാക്കി. ജർമ്മനിയിൽ ജോലി ചെയ്യുന്ന അമ്മ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്നാണ് നടപടി. കുട്ടിയുടെ അച്ഛൻ വീട്ടിൽ ഏകദേശം അമ്പതോളം നായ്ക്കളെയും ഉപേക്ഷിച്ചിരുന്നു.

തൃപ്പൂണിത്തുറ: എരൂരിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ എട്ടുവയസ്സുകാരനെ സുരക്ഷിതനാക്കി തൃപ്പൂണിത്തുറ പൊലീസ്. ആഗസ്റ്റ് 24-ന് രാത്രി വീട്ടിൽ തനിച്ചാക്കിപ്പോയ അച്ഛൻ തിരിച്ചെത്താത്തതിനെ തുടർന്ന് ജർമ്മനിയിൽ ജോലി ചെയ്യുന്ന അമ്മയാണ് പൊലീസിനെ വിവരമറിയിച്ചത്. എരൂർ തൈക്കാട് ദേവീക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സുധീഷ് എസ്. കുമാർ എന്നയാളാണ് മകനെ വീട്ടിൽ തനിച്ചാക്കി പോയത്.

അർദ്ധരാത്രി കഴിഞ്ഞിട്ടും അച്ഛൻ തിരിച്ചെത്തിയില്ലെന്ന് മകനിലൂടെ മനസ്സിലാക്കിയ അമ്മ, പോലീസിന്റെ അടിയന്തിര സഹായ ടോൾ ഫ്രീ നമ്പറായ 112-ൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സന്ദേശം തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. തൃപ്പൂണിത്തുറ ഇൻസ്പെക്ടർ റിജിൻ എം. തോമസിന്റെ നിർദ്ദേശപ്രകാരം എസ്.ഐ. സന്തോഷ് എം.ജി., എസ്.സി.പി.ഒ. അനീഷ് വാസുദേവൻ, സി.പി.ഒ. സിബിൻ വർഗീസ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി. ഭക്ഷണം കഴിക്കാതെ അവശനിലയിലായിരുന്ന കുട്ടിയെ കണ്ടെത്തിയ പൊലീസ്, അവനെ സുരക്ഷിതനാക്കി. തുടർന്ന് കുട്ടിയുടെ അമ്മയുടെ ബന്ധുക്കളെ വിവരമറിയിച്ച് വരുത്തി കുട്ടിയെ അവർക്ക് കൈമാറി. കുട്ടിയുടെ അച്ഛനെ പിന്നീട് കണ്ടെത്തി.

അതേസമയം, വീട്ടിൽ കുട്ടിയെ കൂടാതെ ഏകദേശം അമ്പതോളം വിവിധ ഇനത്തിലുള്ള നായ്ക്കളുമുണ്ടായിരുന്നു. ഭക്ഷണം ലഭിക്കാതെ നായകളും ബഹളം വെച്ച് തുടങ്ങിയിരുന്നു. അയൽവാസികളുടെ പരാതിയെ തുടർന്ന് നഗരസഭ അധികൃതർ പോലീസിന്റെ സഹായത്തോടെ നായ്ക്കളെ കൊച്ചിയിലെ കണ്ടക്കടവിലുള്ള ഷെൽട്ടറിലേക്ക് മാറ്റി.