ട്യൂഷൻ സെന്ററിലേക്ക് പോവുകയായിരുന്ന ഏഴാംക്ലാസ് വിദ്യാർഥിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 69-കാരൻ അറസ്റ്റിൽ. കിളിമാനൂർ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പാങ്ങോട് സ്വദേശിയായ പ്രതിയെ പിടികൂടിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: ട്യൂഷൻ സെന്‍ററിലേക്ക് പോവുകയായിരുന്ന ഏഴാംക്ലാസ് വിദ്യാർഥിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങോട് കാഞ്ചിനട സ്വദേശി അബ്ദുൾ റഷീദ് (69) നെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം. വൈകുന്നേരം മൂന്ന് മണിയോടെ പന്ത്രണ്ട് വയസുകാരനായ വിദ്യാർഥി വീട്ടിൽ നിന്നും ട്യൂഷൻ സെന്‍ററിലേക്ക് റോഡിലൂടെ കാൽനടയായി പോകുന്നതിനിടെയാണ് പ്രതി ബൈക്കിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വഴിമധ്യേ വെച്ച് കുട്ടിക്ക് ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തന്‍റെ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വിജനമായ സ്ഥലത്തെത്തിച്ച് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ബലം പ്രയോഗിച്ച് അതിക്രമം തുടർന്ന ഇയാളുടെ പിടിയിൽ നിന്നും എങ്ങനെയോ രക്ഷപ്പെട്ട വിദ്യാർഥി ഭയന്നോടി വീട്ടിലെത്തുകയും രക്ഷിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ ഉടൻ തന്നെ കിളിമാനൂർ പൊലീസിൽ പരാതി നൽകി. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പ്രതിയെ കണ്ടെത്താനായി പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് സിസിടിവി ദൃശ്യങ്ങൾ നിർണായകമായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി കുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അബ്ദുൾ റഷീദാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിലായിരുന്ന ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു