തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച 67കാരനായ കൃഷ്ണൻകുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവരം ലഭിക്കുന്നവർ മണ്ണന്തല പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച 67കാരന്റെ ബന്ധുക്കളെ തേടി പൊലീസ്. ചിറയിൻകീഴ് സ്വദേശിയെന്ന് സംശയിക്കുന്ന കൃഷ്ണൻകുട്ടിയാണ് ഒക്ടോബർ 23ന് രാവിലെ 7.10ഓടെ മരിച്ചത്. സംഭവത്തിൽ മണ്ണന്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 28-ാം വാർഡിൽ ചികിത്സയിലായിരുന്ന കൃഷ്ണൻകുട്ടിയുടെ മേൽവിലാസമോ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങളോ ലഭ്യമല്ലായിരുന്നു. ഇതേത്തുടർന്ന് ഡി എൽ എസ് എയുടെ (ജില്ലാ നിയമ സേവന അതോറിറ്റി) ഉത്തരവു പ്രകാരം കഴിഞ്ഞ മാസം 15ന് ആർച്ച് ബിഷപ്പ് മാർ ഗ്രിഗോറിയോസ് സ്നേഹവീട്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ആരോഗ്യനില മോശമായതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
താൻ ചിറയിൻകീഴ് കോരാണി സ്വദേശിയാണെന്ന് സ്നേഹവീട്ടിൽ താമസിച്ചിരുന്ന സമയത്ത് കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു. ഭാര്യയുടെ പേര് പുഷ്പവല്ലി എന്നാണെന്നും മഞ്ചു, നിഷ എന്നീ മക്കളുണ്ടെന്നും വിവരം നൽകിയിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മരിക്കുമ്പോൾ 67 വയസ്സായിരുന്നു. ഇരുനിറമുള്ള ഇദ്ദേഹത്തിന് 172 സെന്റീ മീറ്റർ ഉയരമുണ്ട്. ഏകദേശം രണ്ട് സെന്റീമീറ്റർ നീളത്തിൽ നരച്ച മുടിയുണ്ട്. കൃഷ്ണൻകുട്ടിയെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ മണ്ണന്തല പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ: മണ്ണന്തല പൊലീസ് സ്റ്റേഷൻ: 0471 2543100, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്: 9539800573, സ്റ്റേഷൻ ഹൗസ് ഓഫീസർ: 9497947280.




