വയറ്റിൽ കുത്തേറ്റ താഹ രക്ഷപ്പെടാനായി മുകളിലത്തെ നിലയിലേക്ക് ഓടിയെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തി. കുടൽമാല പുറത്തുവരുന്നത് വരെ യുവാവ് ആക്രമിച്ചെന്ന് ദൃക്സാക്ഷികൾ.
തിരുവനന്തപുരം: മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്‍റെ പകയിൽ അയൽവാസിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മംഗലപുരം തോന്നയ്ക്കൽ പാട്ടത്തിൽ സ്വദേശി താഹയാണ് (65) പുലർച്ചെ മരിച്ചത്. സംഭവത്തിൽ സമീപവാസിയായി റാഷിദിനെ (31) മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. കത്തിയുമായെത്തിയ പ്രതി താഹയുടെ വീട്ടിൽ കയറി ഇയാളെ കുത്തുകയായിരുന്നു.
ഭാര്യ നൂർജഹാൻ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും അവരെ തളളിയിട്ട് പ്രതി താഹയെ ആക്രമിക്കുകയായിരുന്നു. വയറ്റിൽ കുത്തേറ്റ താഹ രക്ഷപ്പെടാനായി മുകളിലത്തെ നിലയിലേക്ക് ഓടിയെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തി. കുടൽമാല പുറത്തുവരുന്നത് വരെ കുത്തിയ പ്രതിയെ ഓടിയെത്തിയ നാട്ടുകാർ തടഞ്ഞ് പൊലീസിന് വിവരമറിയിരിക്കുകയായിരുന്നു. വയറ്റിൽ നാലിടത്ത് ഗുരുതരമായി പരിക്കേറ്റ താഹയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
ഈ മാസം 28ന് താഹയും ഭാര്യയും ഹജ്ജ് യാത്രയ്ക്ക് പുറപ്പെടാനിരിക്കുകയായിരുന്നു. താഹയുടെ മകളെ വിവാഹം ചെയ്ത് നൽകാത്തതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. നേരത്തെയും ഇവർ തമ്മിൽ തർക്കമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാരും പറഞ്ഞു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.


