കൊച്ചി: അമേരിക്കയിലുള്ള വിദേശമലയാളികള്‍ ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലൊരു പ്രചാരണ ബോര്‍ഡ്. കൊച്ചി നഗരത്തിലെ തിരക്കേറിയ ജോസ് ജംഗ്ഷനിലാണ് ട്രംപിന് വേണ്ടി കൂറ്റൻ പ്രചാരണ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ അഥവാ കാസ എന്ന സംഘടനയാണ് കൌതുകകരമായ ഈ ബോര്‍ഡിന് പിന്നില്‍. 

 ട്രംപ് വീണ്ടും അധികാരത്തില്‍ വരണമെന്നതിന് നിരവധി കാരണങ്ങളാണ് കാസ പ്രസിഡന്‍റ് കെവിന്‍ പീറ്റര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കിയത്. മുന്‍പുള്ള അമേരിക്കന്‍ പ്രസിഡന്‍റുമാരില്‍ നിന്ന് വ്യത്യസ്തമായി ട്രംപിന്‍റെ ഭരണകാലത്ത് യുദ്ധങ്ങളുണ്ടായിട്ടില്ല. ലോകമെങ്ങുമുള്ള തീവ്രവാദം, ഭീകരവാദം എന്നിവയ്ക്കെതിരായി ശക്തമായ നടപടികള്‍ ട്രംപിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടം സ്വീകരിച്ചു. ഉത്തരകൊറിയയുമായി ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന ചര്‍ച്ച ചെയ്യുന്ന അന്തരീക്ഷമുണ്ടായി. മറ്റ് അമേരിക്കന്‍ പ്രസിഡന്‍റുമാരില്‍ നിന്ന് വിഭിന്നമായി ഇന്ത്യക്ക് അനുകൂലമായ സമീപനമാണ് ട്രംപിനുള്ളതെന്നും കാസ പ്രസിഡന്‍റ് പറയുന്നു. ലവ് ജിഹാദ് പോലുള്ള സംഭവങ്ങള്‍ വളരെയധികം വര്‍ധിക്കുന്ന കാലത്ത് ട്രംപ് വീണ്ടും അധികാരത്തിലെത്തിയാലേ ഭീകരവാദത്തെ ചെറുക്കാനാവൂ. അറബ് രാജ്യങ്ങളേയും ഇസ്രയേലിനേയും അടുപ്പിക്കാന്‍ ട്രംപിന് സാധിച്ചു. ഭരണകാലയളവില്‍ യുദ്ധമുണ്ടാകാതിരുന്നതിന് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കിയാല്‍ പോലും തെറ്റില്ലെന്നാണ് കാസയുടെ നിരീക്ഷണം. ഗര്‍ഭഛിദ്രത്തിനെതിരായ ട്രംപിന്‍റെ നിലപാടും കാസ പിന്തുണയ്ക്കുന്നു. 

കറുത്ത വര്‍ഗക്കാരോടുള്ള സമീപനത്തിനെതിരായി ട്രംപിനെതിരെ നടക്കുന്ന പ്രചാരണങ്ങളെ കാസ തള്ളുന്നു. ജോര്‍ജ്ജ് ഫ്ലോയിഡ് അടക്കമുള്ള സംഭവങ്ങള്‍ മാധ്യമങ്ങള്‍ ഈതിപ്പെരുപ്പിച്ചാണ് ലോകത്തില്‍ പ്രചരിപ്പിച്ചതെന്നാണ് കാസയുടെ വാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയേപ്പോലെ തന്ന രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള ചുവടുകളാണ് ട്രംപിന്‍റേതെന്നും കെവിന്‍ പീറ്റര്‍ അവകാശപ്പെടുന്നു. പട്ടിണി മൂലം മോഷ്ടിച്ചതിന്‍റെ പേരില്‍ കൊല്ലപ്പെട്ട മധുവിന്‍റെ വിഷയത്തില്‍ മൌനം പാലിക്കുന്ന ആളുകളാണ് ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ മരണത്തില്‍ ട്രംപിനെതിരെ ശബ്ദമുയര്‍ത്തുന്നത്. രാഷ്ട്രീയ നേതാക്കളുമായി ചെറിയ ബന്ധമുള്ളവര്‍ പോലും കേസുകളില്‍ നിന്ന് വളരെ സുരക്ഷിതമായി തലയൂരുകയും ചെയ്യുന്ന നിലയാണ് കേരളത്തിലുള്ളത്. എന്നാല്‍ നിയമവാഴ്ച അങ്ങേയറ്റം പ്രാധാന്യമുള്ള രാജ്യമാണ് അമേരിക്ക. മുന്‍ പ്രസിഡന്‍റെ ജോര്‍ജ് ബുഷിന്‍റെ മകള്‍ക്ക് വിചരണയിലൂടെ ശിക്ഷ നല്‍കുന്ന തരത്തില്‍ നിയമപാലനം ശക്തമായി നോക്കുന്ന വ്യക്തിയാണ് ട്രംപെന്നും കെവിന്‍ പീറ്റര്‍ വാദിക്കുന്നു.

കറുത്ത വര്‍ഗ്ഗക്കാരുടെ എതിര്‍പ്പ് ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങള്‍ മാത്രമാണ്. അവരുടെ രാജ്യത്തെ കാര്യങ്ങള്‍ അവര് നോക്കിക്കോളും, നിയമ വാഴ്ചയുള്ള രാജ്യമാണ് അമേരിക്കയിലേതെന്നും കെവിന്‍ പീറ്റര്‍ പറയുന്നു. ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ സംഭവത്തില്‍ ശരിക്കുള്ള സംഭവമല്ല ലോകമറിഞ്ഞതെന്നുമാണ് കാസ വാദിക്കുന്നത്. കുടിയേറ്റം സംബന്ധിച്ച പ്രശ്നങ്ങള്‍ രാജ്യത്തിന്‍റെ സുരക്ഷയേക്കരുതിയുള്ളതാണെന്നും കാസ പറയുന്നു. രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ അടച്ച ശേഷം രാജ്യം ക്ലീന്‍ ആക്കിയ ശേഷം അതിര്‍ത്തികള്‍ തുറക്കാന്‍ ട്രംപ് അധികാരത്തില്‍ വരണമെന്നും കാസ പറയുന്നു.

'പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഇന്ത്യയെ ശക്തമായി പിന്തുണയ്ക്കുന്നവരാണ്' എന്ന തലക്കെട്ടോടെയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. 'ഭീകരവാദത്തിനെതിരായ നിങ്ങളുടെ നടപടികളിലൂടെ ലോകത്തിനാകെ നേട്ടമുണ്ടായി. അറബ് രാജ്യങ്ങളെയും ഇസ്രായേലിനെയും നിങ്ങൾ സുഹൃത്തുകളാക്കി. അമേരിക്കയെ വീണ്ടും മഹത്തരമാക്കുക. തകർപ്പൻ വിജയം ഞങ്ങൾ നേരുന്നു.' എന്നാണ്  ജോസ് ജംഗ്ഷനിലെ പടുകൂറ്റന്‍ പ്രചാരണ ബോര്‍ഡ് വിശദമാക്കുന്നത്. രണ്ടാഴ്ചയോളമായി ഈ പ്രചാരണ ബോര്‍ഡ് ജോസ് ജംഗ്ഷനിലുണ്ട്.

എല്ലാ വിഭാഗം ക്രിസ്ത്യാനികളേയും ഉള്‍പ്പെടുത്തി രണ്ട് വര്‍ഷം മുന്‍പ് രൂപീകൃതമായ സംഘടനയാണ് കാസ. എല്ലാ വിഭാഗം ക്രിസ്ത്യാനികളേയും ഒരു കുടക്കീഴില്‍ എത്തിക്കാനാണ് ഈ സഘടനയെന്നും സഭകളുമായി കാസയ്ക്ക് ബന്ധമില്ലന്നും ഇതൊരു സ്വതന്ത്ര്യ സ്വഭാവമുള്ള സംഘടനയാണെന്നുമാണ് കാസ ഭാരവാഹികള്‍ അവകാശപ്പെടുന്നത്. കേരളത്തില്‍ കൊച്ചി അടിസ്ഥാനമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന സംഘടനയാണ് കാസ. പതിനഞ്ച് ക്രിസ്തീയ സംഘടനകള്‍ കാസയിലുണ്ടെന്നും കെവിന്‍ പീറ്റര്‍ അവകാശപ്പെടുന്നു. സഭകളുടെ അംഗീകാരങ്ങളൊന്നും കാസയ്ക്കില്ലെന്നും എന്നാല്‍ സഭയുമായി കാസയ്ക്ക് ഒരു എതിര്‍പ്പുമില്ലെന്നുമാണ് കെവിന്‍ പീറ്റര്‍ പറയുന്നത്. ട്രംപ് അനുകൂല പ്രചാരണത്തിന് നിരവധി പേരാണ് അഭിനന്ദിച്ച് ഫോണ്‍ വിളിക്കുന്നതെന്നാണ് കെവിന്‍ പീറ്റര്‍ പറയുന്നത്. ചിലര്‍ ചീത്ത പറയാനും വിളിക്കുന്നുണ്ട്. എന്നാല്‍ പ്രതികരണത്തിലേറെയും പോസിറ്റീവ് സ്വഭാവത്തോടെയുള്ളതാണെന്നാണ് കെവിന്‍ പീറ്റര്‍ വിശദമാക്കുന്നത്.