263 പോളിംഗ് സ്റ്റേഷനുകളില്‍ വിന്യസിക്കേണ്ട 393 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും 387 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമാണ് രണ്ട് ഘട്ടങ്ങളിലായി പരിശീലനം നല്‍കിയത്.

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമീഷന്റെ ആഭിമുഖ്യത്തില്‍ കാട്ടുമുണ്ട തോട്ടത്തില്‍ ഓഡിറ്റോറിയത്തില്‍ പോളിംഗ്, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം നടന്നു. 263 പോളിംഗ് സ്റ്റേഷനുകളില്‍ വിന്യസിക്കേണ്ട 393 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും 387 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമാണ് രണ്ട് ഘട്ടങ്ങളിലായി പരിശീലനം നല്‍കിയത്.

ഇവിഎമ്മുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി നടന്ന മോക്ക് ഡ്രില്ലില്‍ 393 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ പങ്കെടുത്തു. ഡമ്മി സ്ഥാനാര്‍ത്ഥികള്‍ക്കായി ഇവിഎമ്മില്‍ 100 വോട്ടുകളെങ്കിലും റാന്‍ഡം അടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയായിരുന്നു പരിശീലനം. മോക്ക് വോട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ഇലക്ട്രോണിക് ഫലവുമായി വോട്ടു രേഖകള്‍ താരതമ്യം ചെയ്തു. തുടര്‍ന്ന് കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള ഇലക്ട്രോണിക് ഫലവും അതത് വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണവും കണക്കാക്കി.

തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് കമീഷന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പ്രൊഫഷണല്‍ പരിശീലനം നല്‍കിയത്. നിയമം, ചട്ടങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ പ്രകാരം കര്‍ശനമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ അറിവും വൈദഗ്ധ്യവും നല്‍കുകയാണ് ലക്ഷ്യം. ആശയവിനിമയത്തിനും സംശയ നിവാരണത്തിനും മതിയായ അവസരം ലഭിക്കുന്നതിനായി ചെറിയ ഗ്രൂപ്പുകളായാണ് രണ്ട് റൗണ്ട് പരിശീലനം നല്‍കുന്നത്. ഇതോടൊപ്പമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള പ്രായോഗിക പരിശീലനവും നടത്തിയത്.