അന്ന് ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബിയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു..

വർക്കല: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിൽ 11 കെവി ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. വർക്കല ക്ഷേത്ര റോഡിന് സമീപമാണ് അപകടം നടന്നത്. തൂണുകൾ തമ്മിൽ കൂട്ടിമുട്ടി വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ആളപയങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. കാരേറ്റ്- വർക്കല റൂട്ടിൽ സർവ്വീസ് നടത്തുന്ന ചിത്തിര എന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. പോസ്റ്റും ലൈൻ കമ്പികളും റോഡിന് കുറുകെ കിടന്നതിനാൽ പ്രദേശത്ത് ആറ് മണിക്കൂറോളം ​ഗതാത തടസ്സമുണ്ടായി. സർവ്വീസ് നടത്തുകയായിരുന്ന ബസിൽ താഴ്ന്നുകിടന്ന വൈദ്യുത കമ്പി കുരുങ്ങുകയായിരുന്നു. കമ്പി വലിഞ്ഞപ്പോൾ ദുർബലാവസ്ഥയിലായിരുന്ന ഇരുമ്പ് തൂൺ ചാഞ്ഞ് ബസിന് മുകളിലേക്ക് വീഴുകയായിരുന്നു. സംഭവം നടക്കുമ്പോൾ എതിരെ വാഹനങ്ങൾ വരാതിരുന്നതും അപകടം ഒഴിവാകുന്നതിന് കാരണമായി. തൂണുകൾ തമ്മിലുരസി തീപ്പൊരി ചിതറിയതോടെ യാത്രക്കാർ പരി​ഭ്രാന്തരായി. 

മൂന്ന് മാസം മുൻപ് ഈ ഇലക്ട്രിക് പോസ്റ്റിൽ കാറിടിച്ച് അടിഭാ​ഗം വളഞ്ഞ നിലയിലായിരുന്നു. വ്യാഴാഴ്ച രാത്രിയിൽ മഴയിൽ തൂൺ റോഡിലേയ്ക്ക് ചായുകയും ചെയ്തു. ഇതാണ് അപകടത്തിന് വഴിവച്ചതെന്ന് പൊലീസ് അറിയിച്ചു. അന്ന് ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബിയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ ബസിന്റെ മുകൾ ഭാ​ഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടെ തൂൺ മാറ്റിസ്ഥാപിച്ച് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.