വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. 

കായംകുളം: കുട്ടികളുമായി പോയ സ്‌കൂള്‍ ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ആലപ്പുഴ ചിറക്കടവത്തുള്ള എസ്എന്‍ സെന്‍ട്രല്‍ സ്കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകുന്നേരം 3.15ഓടെയായിരുന്നു സംഭവം. 

സ്‌കൂളില്‍ നിന്നും കുട്ടികളെ കയറ്റിയ ബസ് സമീപമുള്ള വളവില്‍ വച്ച് പിന്നോട്ടെടുക്കവേ പോസ്റ്റില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ തൂണ് ഒടിഞ്ഞ് ബസിനു മുകളിലേക്ക് വീണു. ഭയന്നുവിറച്ച കുട്ടികളെ നാട്ടുകാരും സ്കൂള്‍ അധികൃതരും ചേര്‍ന്ന് പുറത്തിറക്കുകയായിരുന്നു. ബസിന് മുകളില്‍ നിന്നും പോസ്റ്റും ലൈനുകളും ഉദ്യോഗസ്ഥരെത്തി അഴിച്ചുമാറ്റി. വളവില്‍ റോഡിലേക്കിറങ്ങി അപകടകരമായ രീതിയിലാണ് പോസ്റ്റ് നിന്നിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ഏറെ നാളായി ആവശ്യപ്പെട്ടിരുന്നു.