മഞ്ജുവിന്‍റെ ദുരിതവും അതിന് പിന്നാലെ പരിഹാരമുണ്ടായ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വാർത്തയും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചായിരുന്നു മന്ത്രി സന്തോഷം പ്രകടിപ്പിച്ചത്
തിരുവനന്തപുരം: മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിൽ പഠിച്ച മഞ്ജുവിന്‍റെ വീട്ടിൽ വൈദ്യുത വെളിച്ചം എത്തിയതിന്‍റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവച്ച് മന്ത്രി കൃഷ്ണൻ കുട്ടി. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വാർത്ത കണ്ടതിന് പിന്നാലെ മന്ത്രി ഇടപെട്ടതോടെയാണ് മഞ്ജുവിന്‍റെ ദുരിതത്തിന് ഒരാശ്വസമായത്. മഞ്ജുവിന്‍റെ ദുരിതവും അതിന് പിന്നാലെ പരിഹാരമുണ്ടായ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വാർത്തയും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചായിരുന്നു മന്ത്രി സന്തോഷം പ്രകടിപ്പിച്ചത്.
മഞ്ജുവിന്‍റെ വീട്ടിൽ വെളിച്ചമെത്തിയ വഴി
മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിൽ പഠിച്ച മഞ്ജുവിന് വെളിച്ചം പകർന്ന് കെ എസ് ഇ ബി. ഏഷ്യനെറ്റ് ന്യൂസ് ഓൺലൈൻ വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടായത്. 'ജീവിതം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട്, മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിൽ മഞ്ജു പഠിക്കുകയാണ്, സഹായം വേണം' എന്ന ഏഷ്യനെറ്റ് ന്യൂസ് ഓൺലൈൻ വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ തന്നെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഇടപെടുകയും വിഷയം ഉടനടി പരിശോധിച്ച് നടപടി സ്വീകരിക്കാൻ കെ എസ് ഇ ബി ഡയറക്ടർക്ക് നിർദേശം നൽകുകയും ചെയ്യുകയായിരുന്നു.
ഇതിനുപിന്നാലെ കെ എസ് ഇ ബി ഡയറക്ടർ വിഴിഞ്ഞം സെക്ഷന് നിർദേശം നൽകി. അവധി ദിനം ആയിട്ടും ഞായറാഴ്ച കെ എസ് ഇ ബി വിഴിഞ്ഞം സെക്ഷൻ ഓഫീസ് അസിസ്റ്റന്‍റ് എൻജിനിയർ ശ്യാം, ഓവർസിയർ അനിൽകുമാർ എന്നിവർ മഞ്ജുവിന്‍റെ വീട്ടിൽ എത്തി വൈദ്യുതി കണക്ഷൻ നൽകാനുള്ള നടപടികൾ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ കഴിഞ്ഞ ഒരു വർഷമായി ഇരുട്ടിൽ കിടന്ന മഞ്ജുവിന്‍റെ വീട്ടിൽ വൈദ്യുതി വെളിച്ചം തെളിഞ്ഞു.
മഞ്ജുവിന് ഇനി വെളിച്ചത്തിൽ പഠിച്ച് ജയിക്കാം; വാർത്ത കണ്ട മന്ത്രി ഇടപെട്ടു, കെഎസ്ഇബി ഉടനടി എത്തി
ശനിയാഴ്ചയാണ് വെങ്ങാനൂർ മുട്ടയ്ക്കാട് ചാമവിള ആതിര ഭവനിൽ പരേതനായ തങ്കപ്പന്‍റെ ഭാര്യ രത്നമ്മയും ഏക മകൾ മഞ്ജുവും ജീവിതം മുന്നോട്ട് നീക്കാൻ കഷ്ടപ്പെടുന്ന വാർത്ത ഏഷ്യനെറ്റ് ന്യൂസ് ഓൺലൈൻ പുറത്ത് വിട്ടത്. 4 വർഷങ്ങൾക്ക് മുൻപ് അച്ഛൻ മരിച്ച മഞ്ജു പക്ഷാഘാതം വന്ന് ചികിത്സയിൽ കഴിയുന്ന അമ്മകൊപ്പമാണ് കഴിയുന്നത്. പഠിക്കാൻ വീട്ടിൽ വൈദ്യുതി ഇല്ലായിരുന്നു. എന്നാലും മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിൽ പത്താം ക്ലാസുകാരി മഞ്ജു അധ്യാപിക ആകണമെന്ന ലക്ഷ്യത്തിലേക്കാണ് സഞ്ചരിക്കുന്നത്.
ജീവിതം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട്, മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിൽ മഞ്ജു പഠിക്കുകയാണ്
കൂലിപ്പണിക്കാരനായ തങ്കപ്പൻ നാല് വർഷം മുൻപ് രോഗബാധയെ തുടർന്ന് മരിച്ചിരുന്നു. ഏക ആശ്രയമായ ഭർത്താവ് മരിച്ചതോടെ വിധവ പെൻഷൻ ഇനത്തിൽ കിട്ടുന്ന 1600 രൂപ മാത്രമായി ഈ കുടുംബത്തിന്‍റെ ഏക വരുമാനം. ഒന്നര സെന്‍റ് സ്ഥലത്തിൽ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു നൽകിയ വീട്ടിലാണ് രത്നമ്മയും മകൾ മഞ്ജുവും താമസിക്കുന്നത്. കുടിശികയും മീറ്റർ കണക്ഷൻ ഉൾപ്പടെ മാറ്റി വെക്കാനും 1000 രൂപ നൽകാൻ ഇല്ലാത്തതിനാൽ ഒരു വർഷം മുൻപ് ഈ വീട്ടിലെ വൈദ്യുതി ബന്ധം കെ.എസ്. ഇ.ബി വിച്ചേധിച്ചിരുന്നു. ഇതോടെയാണ് മഞ്ജുവിന് പഠനത്തിനായി മണ്ണെണ്ണ വിളക്കിനെ ആശ്രയിക്കേണ്ടിവന്നത്. എന്തായാലും വാർത്തക്ക് പിന്നാലെ മന്ത്രിയുടെ ഇടപെടലിലൂടെ വെളിച്ചം എത്തിയതിൽ മഞ്ജുവും അമ്മയും സന്തോഷത്തിലാണ്.
പക്ഷേ പഠിച്ച് അധ്യാപികയാകണമെന്ന ആഗ്രഹത്തിലേക്കെത്താൻ മഞ്ജുവിന് ഒരുപാട് ദൂരം താണ്ടേണ്ടതുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾക്കൊപ്പം പക്ഷാഘാതം പിടിപ്പെട്ടതോടെ അടുക്കളയിൽ കയറി ഭക്ഷണം പോലും പാകം ചെയ്യാൻ കഴിയാത്ത രത്നമ്മയ്‌ക്ക് ആശ്രയം ഇപ്പൊൾ പത്താം ക്ലാസുകാരി മഞ്ജു ആണ്. പാലിയേറ്റീവ് കെയറിന്‍റെ മേൽനോട്ടത്തിലാണ് രത്നമ്മയുടെ ചികിത്സ ഇപ്പൊൾ നടക്കുന്നത്. ഇവരെ സഹായിക്കാൻ താല്പര്യമുള്ള സുമനസ്സുകൾക്ക് താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിൽ സഹായം നൽകാം.
മഞ്ജു ടി ആർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
അക്കൗണ്ട് നമ്പർ: 38050456609
ഐ. എഫ്.സി കോഡ്: SBIN0070049
