മണ്ണ് സംരക്ഷണ വകുപ്പിനായിരുന്നു നിര്‍മ്മാണ ചുമതല. കണക്ഷനുള്‍പ്പടെ എടുത്തു നല്‍കേണ്ടതായിരുന്നിട്ടും വൈദ്യുതി നല്‍കാതെ വീടുകള്‍ കൈമാറി. 

സുല്‍ത്താന്‍ബത്തേരി: വയനാട് നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കടനാട് പണയമ്പം പുളിപ്പുര കോളനികാര്‍ക്ക് വൈദ്യുതി റേഷന്‍ കാര്‍ഡില്‍ മാത്രം. വൈദ്യുതീകരിച്ച ഭവനമെന്ന് റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ 27 കുടുംബങ്ങള്‍ക്ക് വൈദ്യുതി ഇല്ല. പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ മറുപടി നല്‍കി. 

അഞ്ച് വര്‍ഷം മുന്‍പ് പണി പൂര്‍ത്തീകരിച്ച പുളിപ്പുര കോളനിയിലെ വീടുകളിലെ താമസക്കാര്‍ക്ക് വൈദ്യുതി കണക്ഷന്‍ കിട്ടിയിട്ടില്ല. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ സമഗ്ര വികസന പദ്ധതി പ്രകാരമാണ് വീടുകള്‍ നിര്‍മ്മിച്ചത്. വീടൊന്നിന് 3.50 ലക്ഷം വീതം ചിലവഴിച്ചു. മണ്ണ് സംരക്ഷണ വകുപ്പിനായിരുന്നു നിര്‍മ്മാണ ചുമതല. കണക്ഷനുള്‍പ്പടെ എടുത്തു നല്‍കേണ്ടതായിരുന്നിട്ടും വൈദ്യുതി നല്‍കാതെ വീടുകള്‍ കൈമാറി.

വൈദ്യുതി ഇല്ലാത്തതിനാല്‍ പഠനം മുടങ്ങിയ 10 കുട്ടികള്‍ ഇവിടെയുണ്ട്. ചിലര്‍ നേരിട്ട് പ്രധാന ലൈനില്‍ കേബിള്‍ ഇട്ട് വൈദ്യുതി എടുക്കും. അപകടമാണെന്ന് അറിഞ്ഞിട്ടും ഇത് തുടരുന്നു. വൈദ്യുതി നല്‍കാത്തത് കരാറുകാരന്റെ അനാസ്ഥയെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് പട്ടിക വര്‍ഗവികസന വകുപ്പ്. നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.